
മലപ്പുറം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പാണക്കാട് തറവാട്ടിലെത്തും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും സതീശൻ ചർച്ച നടത്തും.
കുറച്ചു കാലമായി ലീഗും കോൺഗ്രസും തമ്മിലുള്ള അകൽച്ച സംബന്ധിച്ച കാര്യങ്ങളാവും ചർച്ചാ വിഷയം. കെ. സുധാകരനും വി.ഡി. സതീശനും അധികാരമേറ്റതിനു ശേഷം കാര്യമായ ചർച്ചയ്ക്ക് തയാറാവുന്നില്ലെന്ന അതൃപ്തി ലീഗിലുണ്ട്.
കെ. സുധാകരന്‍റെ പട്ടി പ്രയോഗവും അകൽച്ചയ്ക്ക് ആക്കം കൂട്ടി. അതിനിടെ സിപിഎം പലസ്തീൻ അനുകൂല റാലിയിൽ ക്ഷണിച്ചാൽ പോവുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചു. വിവാദങ്ങളിലേക്ക് പോവാൻ സാധ്യതയുണ്ടെന്ന സാഹചര്യം വിലയിരുത്തിയാണ് ലീഗ് സിപിഎം ക്ഷണം നിരാകരിച്ചത്.