
തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു വീണ് അപകടമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയപാത നിർമാണത്തിൽ നടക്കുന്നത് വ‍്യാപക ക്രമക്കേടാണെന്നും ഇതിന്‍റെ ഉത്തരവാദിത്തം ആർക്കാണെന്നും അദ്ദേഹം ചോദിച്ചു. ഫ്ലക്സ് വച്ചവരാരും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നും സംസ്ഥാന സർക്കാരും എൻഎച്ച്എഐയും തമ്മിൽ ഏകോപനമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുമ്പായി ദേശീയപാതയുടെ നിർമാണ ജോലിക്കൾ തീർത്ത് സർക്കാരിന്‍റെ ക്രെഡിറ്റിലാണ് ഹൈവേ പണിതതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ച് ദേശീയപാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും വീണതോടെ മൂന്നു കാറുകൾ പൂർണമായും തകർന്നിരുന്നു.