
വി.ഡി.സതീശൻ
തിരുവനന്തപുരം: യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ച നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
വധശിക്ഷ നീട്ടിവച്ചുവെന്ന വാർത്ത ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്നും നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലിനെയും പ്രതിപക്ഷ നേതാവ് പ്രശംസിച്ചു.
''നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്.
വിഷയത്തില്‍ കാന്തപുരം ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ഥമായ പിന്തുണ നല്‍കും.
നിയമപരമായ എല്ലാ തടസങ്ങളും മറികടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാം''. വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു.