"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ബംഗാളിലെ പോലെ കേരളത്തിൽ എസ്ഐആറിനെക്കുറിച്ച് പരാതികളൊന്നും ഉണ്ടായിരുന്നില്ല
vd satheesan on ratan khelkhar raw

വി.ഡി.സതീശൻ, രത്തൻ ഖേൽക്കർ

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തെരഞ്ഞെടുത്തത് വൻ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി വി.ഡി. സതീശൻ. എന്ത് തമാശയാണ് കേരളത്തിൽ നടക്കുന്നത് എന്നായിരുന്നു സതീശന്‍റെ ചോദ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ജോലി കഴിഞ്ഞു. ബംഗാളിലെ പോലെ കേരളത്തിൽ എസ്ഐആറിനെക്കുറിച്ച് പരാതികളൊന്നും ഉണ്ടായിരുന്നില്ല. രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ചുകൊടുത്തതെന്നും സതീശൻ ചോദിച്ചു.

നളിനി നെറ്റോയുടെ നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാൽ ആ ജോലി കഴിഞ്ഞു. അതോടെ ഔദ്യോഗിക ജീവിതം പിറ്റേ ദിവസം റിട്ടയർ ചെയ്യണോ? നളിനി നെറ്റോ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്നു. അതിന് ശേഷം ആഭ്യന്തരത്തിലേക്കും ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വന്നു. ഇതിന് മുമ്പുള്ള എല്ലാവരും അവരുടെ ഔദ്യോഗിക കാര്യം കഴിഞ്ഞാൽ മറ്റു സ്ഥാനങ്ങളിലേക്ക് പോകും.

ബംഗാളുമായിട്ടാണ് ഖേൽക്കറുടെ നിയമനം താരതമ്യം ചെയ്യുന്നത്. എന്നാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസും സിപിഎമ്മും കോൺഗ്രസും ഗുരുതര ആരോപണമാണ് തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ഉന്നയിച്ചത്. വ്യാപകമായ തോതിൽ എസ്ഐആറിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തെന്നാണ് ആരോപണം. അങ്ങനെ ഒരു പരാതി ഇവിടത്തെ ചീഫ് ഇലക്ട്രറൽ ഓഫീസർക്കെതിരേ സിപിഎമ്മോ ബിജെപിയോ ഉന്നയിച്ചിട്ടില്ല. സിപിഎം നേതൃത്വം കൊടുത്ത സർക്കാരാണ് അദ്ദേഹത്തെ ശുപാർശ ചെയ്തത്. - വി.ഡി. സതീശൻ പറഞ്ഞു.

രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്. എന്തൊരു തമാശയാണ് കേരളത്തിൽ നടക്കുന്നത്. പിണറായി സർക്കാർ പാനൽ കൊടുത്തതിൽ നിന്നാണ് ഖേൽക്കറെ ചീഫ് ഇലക്ട്രറൽ ഓഫീസറാക്കിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് യുഡിഎഫിന് 102 സീറ്റു മേടിച്ചു കൊടുക്കാനാണോ പിണറായി സർക്കാർ അദ്ദേഹത്തെ പാനലിൽ പെടുത്തിയത്? ഇതിനേക്കാൾ വലിയ തമാശയുണ്ടോ?- വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com