
ആരോഗ്യ മേഖല വെന്‍റിലേറ്ററിലായി; വിമർശിച്ച് വി.ഡി. സതീശൻ
പറവൂർ: സംസ്ഥാനത്തെ ആര്യോഗ മേഖല വെന്‍റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പരാധീനതകളെയും രോഗികൾ നേരിടുന്ന പ്രതിസന്ധികളെയും സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ വകുപ്പ് മേധാവിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളെജുകളിലും ഇതു തന്നെയാണ് അവസ്ഥ. സര്‍ജറി ചെയ്താല്‍ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ലാത്ത മെഡിക്കല്‍ കോളെജുകള്‍ സംസ്ഥാനത്തുണ്ട്- സതീശൻ പറഞ്ഞു.
പിആർ ഏജൻസികളെ ഉപയോഗിച്ചുള്ള വിവരണമല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. സാധാരണക്കാരായ രോഗികള്‍ കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. രോഗി തന്നെ ശസ്ത്രക്രിയാ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളെജുകളിലെയും അവസ്ഥ ഇതു തന്നെയാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. മരുന്നിന്‍റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച വിഷയം മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
സംസ്ഥാനത്തെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന്‍ ഇന്നു മുതല്‍ നിലവില്‍വരും. ജൂലൈ മാസത്തില്‍ തന്നെ ഹെല്‍ത്ത് കോണ്‍ക്ലേവും ചേരും. ഇതിനുശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
തലസ്ഥാനത്തെ മെഡിക്കൽ കോളെജിലെ ദുരവസ്ഥ സംബന്ധിച്ച് സത്യം വിളിച്ചുപറഞ്ഞ ഡോക്റ്ററെ വിരട്ടാന്‍ ആരോഗ്യ മന്ത്രി ശ്രമിച്ചു. എല്‍ഡിഎഫ് സഹയാത്രികനാണ് ഡോക്റ്റർ. അതേ ആളാണ് ആരോപണം ഉന്നയിച്ചത്.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ നടക്കുന്ന അശാസ്ത്രീയമായ വാക്‌സിനേഷനും ചികിത്സയും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതാണ്. സമാന്തര ചികിത്സ ഉണ്ടാകുന്നത് അപകടകരമാണ്.എസ്എഫ്ഐ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരേ കോടതിയില്‍ പോകാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.