വീണയെ ചോദ്യം ചെയ്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്: വി.ഡി. സതീശൻ

ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്
വീണയെ ചോദ്യം ചെയ്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്: വി.ഡി. സതീശൻ
വി.ഡി. സതീശൻ
Updated on

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചിട്ട് പത്തു മാസമായെന്നും ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്ത് മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അന്വേഷണങ്ങളെല്ലാം പ്രഹസനമാണ്. എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്‍റ് നടത്തിയത്. മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന്‍റെ മറവിലാണ് ഇപ്പോഴത്തെ അന്വേഷണമെന്നും സതീശൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സിപിഎമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. സിപിഎം തിരിച്ചും സഹായിക്കാറുണ്ട്. കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണ് കെ. സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസില്‍ സഹായിച്ചത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയില്ല. ഇക്കാര്യം ജഡ്ജി ഉത്തരവില്‍ എഴുതി വച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വേറെ അന്വേഷണം നടക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം ഉണ്ടെന്നു പറഞ്ഞത്. എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. മഞ്ചേശ്വരം കോഴ കേസില്‍ ചാര്‍ജ് ഷീറ്റ് വൈകിപ്പിച്ച് സുരേന്ദ്രനൈ വെറുതെ വിട്ടതിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് എഐസിസിയാണ്. സ്ഥാനാർഥികളെ സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചന നടത്തുന്നുണ്ട്. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും പോലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മൂന്ന് സീറ്റുകളിലും തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിർദേശം എഐസിസിക്ക് നല്‍കും.

മദ്രസകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com