വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്നു മാസപ്പടി വാങ്ങി: മാത്യു കുഴൽനാടൻ

വീണയുടെ കമ്പനി മാസം തോറും വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളിലും സംഘടനകളിലും നിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായെന്ന് ആർഒസിയുടെ രേഖയിൽ പറയുന്നുണ്ടെന്ന് കുഴൽനാടൻ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്നു മാസപ്പടി വാങ്ങി: മാത്യു കുഴൽനാടൻ
വീണാ വിജയൻ, മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് മാത്യു കുഴൽ നാടൻ അനധികൃത പണം വാങ്ങലുമായി ബന്ധപ്പെട്ടു കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത്.

അനാഥാലയങ്ങളിൽ നിന്നും വീണ മാസപ്പടി കൈപ്പറ്റിയെന്നാണു രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ രേഖകൾ ഉയർത്തിക്കാട്ടി മാത്യു ആരോപിച്ചത്. വീണയുടെ കമ്പനി മാസം തോറും വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളിലും സംഘടനകളിലും നിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായെന്ന് ആർഒസിയുടെ രേഖയിൽ പറയുന്നുണ്ടെന്ന് കുഴൽനാടൻ.

''നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക'', കുഴൽനാടൻ ചോദിച്ചു.

മാസപ്പടി വിവാദത്തിൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും പിവി എന്നത് താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

എന്നാൽ, വീണ്ടും വീണ്ടും അതേ വിഷയം ഉന്നയിക്കരുതെന്ന് പറഞ്ഞ് സ്പീക്കർ കയർത്തു. ഒരേ പല്ലവി ഇവിടെ പാടരുതെന്നും ഇതു സ്ഥിരമായി പറയേണ്ട വേദിയല്ലെന്നും സ്പീക്കർ പറഞ്ഞു. ''താങ്കൾ ഒരു അഭിഭാഷകനല്ലേ, നിയമമറിയുന്ന ആളല്ലേ'' എന്നും ചോദിച്ച സ്പീക്കർ, സോഷ്യൽ മീഡിയക്ക് വേണ്ടിയുള്ള പ്രസംഗം നടത്തരുതെന്നും പറഞ്ഞു. കുഴൽനാടനു പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങളും എതിർപ്പുമായി ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ സഭയിൽ ബഹളമായി.

Trending

No stories found.

Latest News

No stories found.