നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ.
Veeyapuram Chundan wins the Nehru Trophy

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

Updated on

ആലപ്പുഴ: 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് കഴിഞ്ഞ തവണ മൈക്രോ സെക്കൻഡിന് ഒന്നാം സ്ഥാനം നഷ്ടമായ വീയപുരം കിരീടം നേടിയത്. കൈനകരി വില്ലെജ് ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. അവരുടെ മൂന്നാം കിരീടനേട്ടമാണിത്.

പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം ചുണ്ടൻ ആറാം ഹീറ്റ്സിൽ ഒന്നാമതെത്തി ഫൈനലിൽ പ്രവേശിച്ചു. നടുഭാഗം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയ മേൽപ്പാടം ചുണ്ടൻ വള്ളവും ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടൻ ചുണ്ടൻ വള്ളത്തിന് ഫൈനലിൽ എത്താൻ സാധിച്ചില്ല. അതുപോലെ, ആദ്യ ഹീറ്റ്സിൽ ഒന്നാമതെത്തിയ കാരിച്ചാൽ ചുണ്ടനും ഫൈനൽ കാണാതെ പുറത്തായി.

ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ മേൽപ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്‍റെ നിരണവും എത്തി. വീയപുരം - 4:21.084, നടുഭാഗം - 4.21.782, മേൽപ്പാടം - 4.21.933, നിരണം - 4:22.035 എന്നിങ്ങനെയാണ് ഫിനിഷിങ് പോയിന്‍റിൽ എത്തിച്ചേരാനെടുത്ത സമയം.

മത്സര വള്ളംകളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കാനും ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാനും ഇത്തവണ വെർച്ചൽ ലൈനോടു കൂടിയ ഫിനിഷിങ് സംവിധാനമാണ് ഏർപ്പെടുത്തിയത്.

അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനക്കാരായ തുഴച്ചിൽകാര്‍ കൂടതലായിരുന്നു എന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതു സംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com