ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളം കളിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടന്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റത്തോടെയാണ് വീയപുരം കുതിച്ചത്.
ചമ്പക്കുളം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ കിരീടം നേടിയത്. നെഹ്റു ട്രോഫിയിൽ വീയപുരം ചുണ്ടന്‍റെ കന്നികിരിടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ തുടർച്ചയായ നാലാം കിരീടവുമാണിത്. യുബിസി കൈനകിരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും കേരള പൊലിസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും എത്തി.
ഫിറ്റ്സ് മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 വള്ളങ്ങളായിരുന്നു ഫൈനലിൽ മാറ്റുരച്ചത്. 5 ഫിറ്റ്സുകളിൽ നടന്ന മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു (4.18.80). രണ്ടാം ഫിറ്റ്സിൽ യുബിസി കൈനകിരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍, മൂന്നാം ഫിറ്റ്സിൽ കേരള പൊലിസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ, നാലാം ഫിറ്റ്സിൽ ടിബിസി തലവടി തുഴഞ്ഞ തലവടി, അഞ്ചാം ഫിറ്റ്സിൽ നിരണം എന്‍സിഡിസി എന്നിവരായിരുന്നു ഒന്നാമതെത്തിയത്.