ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി

കോട്ടയത്തിന്‍റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്
Vellappally Natesan attacks Christian and Muslim communities

ശാഖാ നേതൃത്വ സംഗമത്തിൽ ക്രിസ്ത്യൻ - മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ

Updated on

കോട്ടയം: ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് എസ്എൻഡി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രപൂർവം ഭരണം പിടിച്ച് മുഖ്യമന്ത്രിയാകാനാണ് ലീഗിന്‍റെ ശ്രമമെന്നും ഒരു ക്രിസ്ത്യൻ സമുദായം ഇപ്പഴേ അധികാരത്തിൽ എത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും കോട്ടയത്ത് എസ്എൻഡിപി യോഗം ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ക്രിസ്ത്യാനിക്കും മുസ്ലിമിനും ജാതി പറയാം. ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ല എന്നാണ് പലരുടെയും നിലപാട്. ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോൾ തന്നെ അധികാരത്തിൽ പ്രാതിനിധ്യം എത്തണമെന്ന് തീരുമാനിച്ച് പ്രവർത്തനം തുടങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിൽ നമുക്കും പ്രാതിനിധ്യം വേണം. നമ്മുടെ അംഗങ്ങളെ ഓരോ പാർട്ടിയിലും അധികാരത്തിൽ എത്തിക്കണം.രാഷ്ട്രീയ ശക്തിയായി സംഘടന മാറണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തിന്‍റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്. ഒരു കോളെജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്സുകൾ മാത്രമെ ഇപ്പൊഴും ഉള്ളൂ. എന്നാൽ മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. മലപ്പുറത്തുനിന്ന് പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്നതാണ് നാട്ടിലെ അവസ്ഥ. സുംബ ഡാൻസിന് എന്താണ് കുഴപ്പമെന്നും, ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളത്. സ്കൂൾ സമയമാറ്റം കോടതിവിധി പ്രകാരമാണ് നടപ്പാക്കിയത്. ഉടൻ സമസ്ത പറഞ്ഞത്, ഓണം - ക്രിസ്തുമസ് അവധി വെട്ടി കുറയ്ക്കാനാണ്. അവർക്ക് ഒരു അരമണിക്കൂർ അഡ്ജസ്റ്റ് ചെയ്യാൻ ആകില്ല. ഇതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് മാത്രമല്ല തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ്‌ വേണമെന്നാണ് ലീഗ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തന്ത്രപൂർവം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാനാണ് ലീഗിന്‍റെ ശ്രമം. നായാടി മുതൽ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്‍റെ ആവശ്യകതയാണെന്നും, ഒന്നായി നിന്ന് ഒരുമിച്ച് മുന്നേറി വലിയ ശക്തിയായി മാറി സാമൂഹ്യ നീതി ഉറപ്പാക്കണമെന്നും യോഗം ജനറൽ സെക്രട്ടറി ആഹ്വാനം ചെയ്തു.

എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി ചടങ്ങിൽ സംഘടനാ വിശദീകരണം നൽകി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, ജോ. കൺവീനർ വി. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം യൂണിയനു കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വ സംഗമത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com