

ആര്യ രാജേന്ദ്രൻ | വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ആര്യ രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളുകളോടുള്ള മോശം പെരുമാറ്റം മൂലമാണ് സിപിഎമ്മിന് തിരുവനന്തപുരം നഗരസഭ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുമ്പോൾ വിനയമാണ് വേണ്ടതെന്നും പൊങ്ങച്ചത്തിന്‍റെ ദോഷമാണ് ഇപ്പോൾ പ്രതിഫലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കല്യാണം കഴിച്ചിട്ടില്ല, വിദ്യാഭ്യാസമുണ്ട് എന്നിങ്ങനെയൊക്കെ പറഞ്ഞ് ആളുകൾ ആര്യയെ എല്ലാവരും പൊക്കി. ആളുകളോട് മോശം പെരുമാറ്റം. ഒരു വണ്ടി വന്നപ്പോൾ ഡ്രൈവറെ പിടിച്ചുനിർത്തി കേസെടുപ്പിച്ചില്ലേ, അധികാരത്തിന്‍റെ ധാർഷ്ട്ര്യമല്ലേ, എന്നും അദ്ദേഹം ചോദിച്ചു.
ചെറുപ്പത്തിന്‍റെ ധാർഷ്ട്യവും അഹങ്കാരവും ചർച്ചാ വിഷയമായി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇതൊരു കാരണമായി. ആര്യയ്ക്ക് പൊതുപ്രവർത്തകന്‍റെ പൊതുശൈലി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം രകുറ്റപ്പെടുത്തി.
ഇത് പഴയകാലമല്ല, ആളുകളോട് മാന്യമായി പെരുമാറണം. അല്ലെങ്കിൽ മക്കൾ പോലും പോടാ അച്ഛാ എന്ന് പറയുന്ന കാലമാണ്. ചെയ്ത നല്ല കാര്യങ്ങൾ താഴേത്തട്ടിലെത്തിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. കൂടാതെ പെരുമാറ്റം കൂടി വിനയായി. താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കണം. കഴിഞ്ഞ മന്ത്രിമാരുടെ അത്ര പെർഫോമൻസ് കാഴ്ച വയ്ക്കാൻ ഇപ്പോഴത്തെ മന്ത്രിമാർക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.