
ചേർത്തല: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിലാണു ഫലം പ്രഖ്യാപിച്ചത്.
ഡോ.എം.എൻ. സോമൻ ചെയർമാനും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാർ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ട്രഷറർ ഡോ. ജി. ജയദേവൻ. വിവിധ കേസുകൾ മുൻനിർത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലിം ലീഗ് കോൺഗ്രസിനോട് വിലപേശൽ നടത്തുകയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുന്നതിനു വേണ്ടിയുളള ശ്രമമാണു മുസ്ലിം ലീഗിന്‍റേത്. കോൺഗ്രസ് അവസാനം സീറ്റ് കൊടുക്കും. മലബാറിൽ കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും വെളളാപ്പള്ളി തുറന്നടിച്ചു.
എൽഡിഎഫ് എന്തിനാണ് നാണം കെട്ട് ലീഗിന്‍റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ലീഗിന് പിന്നാലെ പോകുന്നത് കാണുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്തവർക്കു ബുദ്ധിമുട്ടുണ്ട്. പ്രതിപക്ഷ നേതാവ് കോൺഗ്രസ് സർവനാശത്തിലേക്ക് പോകുകയാണ്. കേരളത്തിൽ ഒരിക്കൽ കൂടി പിണറായി അധികാരത്തിൽ വരും. കേന്ദ്രത്തിൽ മോദിയും വീണ്ടും അധികാരം നേടുമെന്നു വെള്ളാപ്പളളി പറഞ്ഞു.