
വെള്ളാപ്പള്ളി നടേശൻ, കെ.ബി. ഗണേഷ് കുമാർ
ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ''ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്‍റെ പാരമ്പര്യമാണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്''- വെള്ളാപ്പള്ളി പറഞ്ഞു.
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ വെള്ളാപ്പള്ളി പ്രശംസിക്കുകയും ചെയ്തു. സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്‍റെ ഉടമയാണെന്നും കേരളത്തിനും ആലപ്പുഴയ്ക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കണം. പാർട്ടി നേതാക്കളുടെ വളർച്ച ഉൾക്കൊള്ളാൻ ജി. സുധാകരൻ തയാറാകണം. പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി. സുധാകരന്‍റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയാൽ വിഷമമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം ബോർഡിന്‍റെ അമ്പലങ്ങളിലെല്ലാം മോഷണം നടക്കുകയാണെന്നും വെള്ളാപ്പള്ളി. സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കരക്കുടത്തിൽ കൈ ഇടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശന്‍റെ ലെവൽ അല്ല തന്‍റേതെന്നും അൽപ്പം കൂടി ഉയർന്നതാണെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ആരംഭിക്കുന്ന ഡബിൾ ഡക്കർ ബസിന്‍റെ പരീക്ഷണ ഓട്ടത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഗണേഷ്കുമാർ സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടിയ ആളാണെന്നും പിതാവിനെ വരെ ചതിച്ച വ്യക്തിയാണെന്നും അടക്കമുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണം. ആ സംസ്കാരം ആളുകൾ തിരിച്ചറിയും. 'പക്വതയും സംസ്കാരവും ഇല്ലാത്തവരുടെ രീതിയിൽ തരംതാഴാൻ ആഗ്രഹിക്കുന്നില്ല. ആദ്യമായിട്ടാണോ വെള്ളാപ്പള്ളി ആളുകളെ വിമർശിക്കുന്നത്' -ഗണേഷ്കുമാർ ചോദിച്ചു.