
ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ബോർഡിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെ പാനലിന് വിജയം. എതിരാളികൾ കെട്ടിവച്ച പണം പോലും ലഭിക്കാതെ ദയനീയ പരാജയo ഏറ്റുവാങ്ങി.
എ1 സ്കീമിലെ 3(ഡി) വകുപ്പ് പ്രകാരം 5,000 മുതൽ 1,00,000 രൂപയ്ക്ക് താഴെ സംഭാവന നൽകിയിട്ടുള്ളവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണ് വെള്ളിയാഴ്ച ചേർത്തല എസ്എൻ കോളെജ് ഓഡിറ്റോറിയത്തിൽ പൂർത്തിയായത്. 265 ബോർഡ് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. വെള്ളാപ്പള്ളി നടേശന്‍റെ പാനലിന് എതിരായി 3 പേർ മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ആകെ പോൾ ചെയ്ത 871 വോട്ടിൽ 782 വോട്ടുകൾ സാധുവായി. 89 വോട്ടുകളാണ് അസാധുവായത്. നടേശന്‍റെ പാനലിലെ സ്ഥാനാർത്ഥികൾക്ക് 755 മുതൽ 777 വരെ വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർഥികൾക്ക് 52, 46, 19 എന്നീ ക്രമത്തിലുള്ള വോട്ടുകൾ മാത്രമാണ് നേടാനായത്. മുഖ്യ വരണാധികാരി അഡ്വ. രാജേഷ് കണ്ണൻ, വരണാധികാരി അഡ്വ. ഷമ്മി രാജു എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
വെള്ളാപ്പള്ളി നയിച്ച ഒദ്യോഗിക പാനലിലെ മുഴുവൻ സ്ഥാനാർഥികൾക്കും ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാർക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൽ. അശോകനും കൺവീനർ പി.വി. ബിനേഷും നന്ദി അറിയിച്ചു.
23 ന് 3(i) വിഭാഗം പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ചേർത്തല കോളെജ് ഓഡിറ്റോറിയത്തിൽ നടക്കും. 24നു രാവിലെ 9ന് ചെയർമാൻ, സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള നാമനിർദേശ പത്രികാസമർപ്പണം ആരംഭിക്കും. 11ന് അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കും. 25 ന് രാവിലെ 10 മുതൽ വൈകിട്ട് 4വരെ വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനവും നടത്തും.