

വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി.
ആലപ്പുഴ: മലപ്പുറത്തിനെതിരേ വീണ്ടും കടുത്ത പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്തു മതാധിപത്യമാണെന്നും മലപ്പുറത്തെക്കുറിച്ചുള്ള തന്‍റെ മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും 'ന്യൂസ് 18' ദേശീയ ചാനലിനോട് വെള്ളാപ്പള്ളി ആവർത്തിച്ചു.
മുസ്‌ലിങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കട പോലും തുറക്കാൻ അനുവദിക്കില്ല. പലരും പലതും പറയാത്തത് ഭയന്നിട്ടാണ്. തനിക്ക് ആ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുസ്‌ലിം വിഭാഗത്തിന്‍റെ മത താല്പര്യങ്ങൾക്ക് അനുസരിച്ചു മാത്രമേ മറ്റു മത വിഭാഗങ്ങൾക്കു മലപ്പുറത്ത് ജീവിക്കാനാകൂ. അവരുടെ മതപരമായ ആചാര ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട തുറക്കാൻ പോലും സമ്മതിക്കുമോ? വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്‌ട്രീയ നേതൃത്വത്തിനും തന്‍റേടമില്ല. ഇതൊക്കെ എല്ലാവരുടെയും മനസിലുണ്ട്. എല്ലാവർക്കും ഇതറിയാം. പക്ഷേ, പരസ്യമായി പറയുന്നില്ല എന്നു മാത്രം. ആരും പറയുന്നില്ല എന്നതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് സ്വയം പരിശോധിക്കട്ടെ'- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്‌ലിം ലീഗിന്‍റേത് ടൈറ്റ് ആൻഡ് ലൂസ് നയമാണ്. കോൺഗ്രസ് എന്ന പാർട്ടിയെ ലീഗ് വിഴുങ്ങി. ഗതികെട്ട അവസ്ഥയാണവർക്ക്. ഏതു കാര്യം ചെയ്യണമെങ്കിലും ലീഗിനോടു ചോദിക്കണം. കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം. ഇത്തരമൊരു ഗതികെട്ട അവസ്ഥ കേരളത്തിൽ വേറെ ഏതു പാർട്ടിക്കുണ്ട്?
ധാർഷ്ട്യത്തിന്‍റെ, അഹങ്കാരത്തിന്‍റെ സ്വരമാണ് ലീഗിന്. മൂന്നാമത്തെ ടേം ഭരിക്കുമെന്നു വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവൻ എന്നു വിളിക്കുന്ന നേതാക്കളാണ് ലീഗിലുള്ളത്. ഒമ്പതര കൊല്ലം ഭരണമില്ലാതിരുന്നിട്ടും ഇവിടെയും ദുബായിലുമൊക്കെ പോയി അവർ ഇതു പ്രസംഗിക്കുന്നു. ഭരണമില്ലാത്തപ്പോൾ ഇതാണു സ്ഥിതിയെങ്കിൽ അവർ അധികാരത്തിൽ വന്നാൽ നമ്മളൊക്കെ കെട്ടിത്തൂങ്ങി ചാകേണ്ടിവരും. അവരുടെ അഹങ്കാരം അതിരു കടന്നുപോയി- അദ്ദേഹം ആരോപിച്ചു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും വെള്ളാപ്പള്ളി ഏപ്രിൽ 5ന് എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍പ്രസംഗിച്ചതു വലിയ വിവാദമുയർത്തിയിരുന്നു. മലപ്പുറത്ത് ഈഴവര്‍ക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി അന്നു പറഞ്ഞിരുന്നു.
''മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേക തരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്നു ജീവിക്കുന്നവരാണ് ഈഴവർ.
സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും അതിന്‍റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അവര്‍ക്ക് ഒരു പള്ളിക്കൂടമോ ഹയര്‍സെക്കൻഡറി സ്‌കൂളോ കോളെജോ ഇല്ല. തൊഴിലുറപ്പുണ്ടായിരിക്കും. വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗം''- വെള്ളാപ്പള്ളി പറഞ്ഞു. അതിന്‍റെ വിവാദം കെട്ടടങ്ങും മുമ്പാണ് വീണ്ടും അതിലും കടുത്ത പരാമർശങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും എംഇഎസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂറും അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.