
പത്തനംതിട്ട: കെ.ബി. ഗണേഷ് കുമാർ എംഎൽഎ വ്യത്തികെട്ടവനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിന് പെണ്ണിനോടും പണത്തോടുമാണ് ആസക്തി. ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്നും ഗണേഷ് കുമാർ ജനാധിപത്യത്തിന്‍റെ അപചയമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
''തിരുവഞ്ചൂർ രാധാകൃഷ്ണൻ അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ആളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണ് അയാളുടെ ഉള്ളിലും. രാഷ്ട്രീയ ചാണക്യനാണ് അയാൾ. തിരുവഞ്ചൂർ അധികാരത്തിനു വേണ്ടി കാണിച്ച തറ വേലയാണ് സോളാർ കേസ്. ഗൂഢാലോചന അന്വേഷിച്ചാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുടുങ്ങും. ഫെനി ബാലകൃഷ്ണൻ പറയുന്നതെല്ലാം കള്ളക്കഥയാണ്. ആരുടെയും പേരു ചേർക്കാനോ ഒഴിവാക്കാനോ ഞാൻ ഇടപെട്ടിട്ടില്ല'' - അദ്ദേഹം പറഞ്ഞു.
അച്ഛനെയും സഹോദരിയെയും ചതിച്ചവനാണ് ഗണേഷ് കുമാർ. ഒരു കാലത്തും മന്ത്രിയാക്കാൻ പാടില്ല. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണ് ഗണേഷ് കുമാറിന്‍റെ അവസ്ഥ. സിനിമാക്കാരനായാൽ എന്തുമാകാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.