വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് ഒഴിവാക്കുന്നതിൽ പ്രതിഷേധം

സൗത്തിൽ ഇറങ്ങേണ്ട യാത്രക്കാർ തൃപ്പൂണിത്തുറ ഇറങ്ങി മെട്രൊ റെയിലിൽ യാത്ര ചെയ്യണമെന്ന ബദൽ നിർദേശം പ്രായോഗികമാകില്ലെന്ന് വാദം
എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ (എറണാകുളം സൗത്ത്)
എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ (എറണാകുളം സൗത്ത്)

കൊച്ചി: തിരുവനന്തപുരം മുതൽ എറണാകുളം ജംക്‌ഷൻ വരെ ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് വേണാട് എക്സ്പ്രസ്. ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. ബദൽ മാർഗമൊരുക്കാതെ എറണാകുളം ജംക്‌ഷനിലെ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കിയാൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.

കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് അതികഠിനമായ യാത്രാക്ലേശമാണ് നിലവിലുള്ളത്. വേണാടിന്‍റെ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കുക കൂടി ചെയ്താൽ യാത്രക്കാരുടെ ദുരിതം ഏറുകയേയുള്ളൂ. തൃപ്പൂണിത്തുറയിൽ നിന്ന് 09.20 ന് വേണാട് പുറപ്പെട്ടാൽ 09.40ന് ജംക്‌ഷനിലെത്താം. പ്ലാറ്റ്‌ഫോം ദൗർലഭ്യം മൂലം ഔട്ടറിൽ പിടിച്ചാൽ അതും പ്രയോജനപ്പെടുത്തുന്നവരുണ്ട്. എല്ലാ ദിവസവും വേണാട് 10 മണിക്കു മുൻപ് സൗത്ത് സ്റ്റേഷനിൽ എത്താറുണ്ട്.

എന്നാൽ, 9.20 ന് തൃപ്പൂണിത്തുറയിൽ ഇറങ്ങുന്ന ഒരാൾ മെട്രൊ സ്റ്റേഷനിലെ രണ്ടാം നിലയിലെ പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ തന്നെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെടുക്കും. ഏഴ് മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവീസുള്ളത്. അവിടെ നിന്ന് ജംക്‌ഷനിലേയ്ക്ക് 20 മിനിറ്റ് യാത്രാദൈർഘ്യമുണ്ട്. സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കാനുള്ള സമയവും കൂടി കണക്കിലെടുത്താൽ, വേണാട് എക്സപ്രസിൽ തൃപ്പണിത്തുറ ഇറങ്ങുന്നയാൾക്ക് മെട്രൊ മാർഗം സൗത്തിലെ ഓഫിസുകളിൽ സമയത്തെത്താനാവില്ല. കൂടാതെ, ഇരുദിശകളിലേക്കുമായി 60 രൂപ മെട്രൊ ടിക്കറ്റ് നിരക്കും അധികമായി വരും.

വേണാട് എക്സ്പ്രസും പാലരുവി എക്സ്പ്രസും തമ്മിൽ ഒന്നര മണിക്കൂറിലേറെ സമയ വ്യത്യാസമുണ്ട്. ഇതിനിടയിൽ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ്. ജംക്‌ഷനിൽ ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ രണ്ടു മെമു അനുവദിക്കാറുണ്ട്. എൻജിൻ മാറ്റി ഘടിപ്പിക്കുന്നതു പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ മെമു സർവീസ് വൈകിക്കുകയുമില്ല.

സർവീസ് തുടങ്ങിയ കാലം മുതൽ എറണാകുളം ജംക്‌ഷനിൽ എത്തിയിരുന്ന വേണാട് എക്സ്പ്രസ് ഇവിടെ കയറാതെ നോർത്ത് വഴി ബൈപാസ് ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, യാത്രക്കാർ നേരിടാൻ പോകുന്ന പ്രതിസന്ധികൾ കൂടി റെയിൽവേ പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

സൗത്ത് സ്റ്റേഷനിൽ വേണാട് എത്താരിക്കുന്നതിനു മെട്രൊ റെയിൽ വഴി പരിഹാരം കാണാൻ സാധിക്കില്ല. വേണാടിന് യാത്രക്കാർ കൂടുതലുള്ളതും സൗത്തിലാണ്. അവരെ വഴിയിലിറക്കി വിടുന്ന തീരുമാനമാണ് ജംക്‌ഷൻ സ്റ്റേഷൻ ഒഴിവാക്കിയാൽ സംഭവിക്കുന്നത്. ജംക്‌ഷൻ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ദൗർലഭ്യം പരിഹരിക്കാനാണ് വേണാടിനെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഇതൊരു ശാശ്വത പരിഹാരമായിരിക്കില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com