venjaramood mass murder case all about
പ്രതി അഫാൻ | കൊല്ലപ്പെട്ടവർ

പെൺസുഹൃത്തിന്‍റെ മുഖം അടിച്ച് തകർത്തു, കുഞ്ഞനുജന് കുഴിമന്തി, കടംവാങ്ങിയ പണം കൊണ്ട് ചുറ്റിക; കൊലയുടെ ഞെട്ടലിൽ തലസ്ഥാനം

കൃത്യമായ ആസൂത്രണത്തോടെയാണ് 23 വയസുമാത്രമുള്ള അഫാന്‍ സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയത്.
Published on

കൊച്ചി: അതിക്രൂരമായ കൊലപാതകത്തിനായിരുന്നു തലസ്ഥാനനഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് 23 വയസുമാത്രമുള്ള അഫാന്‍ സ്വന്തം സഹോദരനേയും പെൺസുഹൃത്തിനെയടക്കം കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൃത്യങ്ങൾക്കു ശേഷം പ്രതി സ്വമേധയ പൊലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങിയതും വിശ്വസിക്കാനാവതെയാണ് പൊലീസുള്ളത്.

ഈ കൊലകളെല്ലാം നടത്തിയത് പ്രതി ഒറ്റയ്ക്കാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണവും ഇതു ശരി വയ്ക്കുന്നുണ്ട്. എന്നാൽ മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല.

പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം ആക്രമിച്ചത് അമ്മയെ ആണ്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ഉമ്മയെ കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിച്ചു. 1.15 ഓടെ 25 കിലോമീറ്റർ അകലെയുള്ള മുത്തശ്ശി സൽ‍മ ബീവിയെ ആക്രമിച്ചു. പിന്നീട് ഇവരിൽ നിന്നും സ്വർണ്ണം കവർന്നു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കിയെന്ന് സംശയിച്ച് അദ്ദേഹത്തെയും ഭാര്യ ഷാഹിദയെയും ചുറ്റിക കൊണ്ട് തലക്ക് പിറകിൽ അടിച്ച് കൊലപ്പെടുത്തി. അഫാന്‍റെ പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ലത്തീഫ് താമസിക്കുന്നത്

4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ഇവരുടെ മുഖം അടിച്ചു തകർത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇതിനിടെ അനുജൻ പരീക്ഷ കഴിഞ്ഞെത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെയും ഇതേ വീട്ടിനകത്തു കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു മുൻപ് അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നൽകി. അതിന്‍റെ അവശിഷ്ടങ്ങളും ശീതളപാനിയവും വീടിന്‍റെ വരാന്തയിലെ കസേരയിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വച്ചു. ഇതെല്ലാം കഴിഞ്ഞ് വൈകീട്ട് 6 മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി, കൊലപാതക വിവരങ്ങളെല്ലാം പ്രതി തന്നെ പൊലീസിനെ അറിയിച്ചു. എന്താണ് യഥാർത്തത്തിൽ ഈ കൊലപാതക പരമ്പരയ്ക്കുള്ള കാരണം എന്നതിൽ ഇതുവരെ വ്യക്തതയില്ല.

ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കിൽ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അതേസമയം, അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്‍റെ അമ്മ സൽമബീവി, അച്ഛന്‍റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ, അഫ്നാന്‍റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ചൊവ്വാഴ്ച നടത്തും. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി അന്വേഷിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com