
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. എന്നാൽ ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു. ഇതിനായുള്ള പരിശോധനകളും നടത്തും.
അതേസമയം, പ്രതിയുടെ അമ്മ ഷെമിയുടെ ആരോഗ്യനിലയിൽ നേരീയ പുരോഗതിയുണ്ടായതായി ആശുപത്രി ആധികൃതർ അറിയിച്ചു. നൽകുന്ന മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ മൊഴി രേഖപ്പെടുത്താനുള്ള ശാരീരിക നിലയായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അഫാന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. കഴിച്ചത് എലിവിഷമായതിലാൽ ദിവസങ്ങൽക്ക് ശേഷവും ഗുരുതരമായി ബാധിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇയാളുടെ ചികിത്സ തുടരുകയാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി പ്രതി മൊഴി നൽകിയതായി എസ്പി കെ.എസ്. സുദർശന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അബ്ദുൽ ലത്തീഫിന്‍റെ ശരീരത്തിൽ 20 ൽ അധികം മുറിവുളുള്ളതായി ഡിവൈഎസ്‌പി അറിയിച്ചു. മുത്തശ്ശി സർമാബീവിയുടെ തലയുടെ പുറകിലുള്ള മുറിവും ആഴത്തിലുള്ളതാണെന്ന് ഡിവൈഎസ്‌പി കെ.എസ്. അരുൺ മാധ്യമങ്ങളോട് അറിയിച്ചു.
ലത്തീഫ് പെൺകുട്ടിയെ കുറിച്ച് സംസാരിക്കാന്‍ അഫാന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ലത്തീഫിന്‍റെ കൊലപാതകം എന്നാണ് നിഗമനം.