
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
file image
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനുമായുള്ള മൂന്നാം ഘട്ടം തെളിവെടുപ്പ് അന്വേഷണ സംഘം പൂർത്തിയാക്കി. പെണ്‍സുഹൃത്ത് ഫര്‍സാനയെയും അനുജന്‍ അഫ്‌സാനെയും കൊലപ്പെടുത്തിയ കേസുകളിലായിരുന്നു ചൊവ്വാഴ്ചത്തെ തെളിവെടുപ്പ്. പേരുമലയിലെ വീടുൾപ്പടെ ഏഴോളം ഇടങ്ങളിൽ തെളിവെടുപ്പ് നടത്തി. രാവിലെ 9 മണിയോടെ ആദ്യം ഇയാളുടെ പേരുമലയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു.
സഹോദരൻ ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം ഇവിടെ വച്ചായിരുന്നു അഫാൻ അഹ്സാനെയും ഫർസാനയെയും അടിച്ചുവീഴ്ത്തിയത്. ഇവിടെ വച്ച് അഫാന്‍ വീട്ടിലേക്ക് കയറിയ വിധവും കൊലപാതകം നടത്തിയ രീതിയും വിശദീകരിച്ചു.
അതിനു ശേഷം സ്വര്‍ണം പണയം വച്ച കടയിലും കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി. ഒടുവിൽ ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ അടക്കം തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നേരത്തെ പാങ്ങോട്, കിളിമാനൂർ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ തെളിവെടുപ്പായിരുന്നു ഇന്നത്തേത്.
നിലവിൽ മൂന്നു കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ എത്രയും വേഗത്തിൽ കുറ്റപത്രം തയാറാക്കി സമർപ്പിക്കനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
ഫെബ്രുവരി 24നാണ് അഫാന്‍റെ പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവർ കൊല്ലപ്പെട്ടത്.