

file image
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. വാദം പൂർത്തിയായതോടെ വിധി പിന്നീട് പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.
സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. രാഹുലിന്‍റെ ആവശ്യപ്രകാരമാണ് കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ തീരുമാനിച്ചത്.
ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് രാഹുൽ കോടതിയിൽ അറിയിച്ചത്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നും യുവതി ഗർഭഛിദ്രത്തിന് മരുന്നു കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പ്രതിഭാഗം വാദിച്ചു. യുവ നേതാവിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം-ബിജെപി ഗൂഢലോചനയുണ്ടെന്നും പരാതിക്കാരിയുടെ സ്ഥാപനത്തിലെ ഉടമ നിർബന്ധിച്ചെന്നുമടക്കമുള്ള കാര്യങ്ങളാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
എന്നാൽ തെളിവുകൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ വാദം. ബലാത്സംഗത്തിനും നിർബന്ധിച ഗർഭഛിദ്രത്തിനും തെളിവുകളുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവതിയുടെ മൊഴി, ശബ്ദ രേഖകൾ, സ്ക്രീൻ ഷോട്ടുകൾ, വീഡിയോ എന്നിവയും തെളിവായി ഹാജരാക്കിയിട്ടുണ്ട്.