ഭരണഘടന ജനങ്ങളെ പഠിപ്പിക്കേണ്ടത് വളരെ പ്രധാനം: മുഖ്യമന്ത്രി

ഇന്ത്യ എന്തായിത്തീരണമെന്നു വിഭാവനം ചെയ്തു നിർണയിച്ചത് ഭരണഘടനാ അസംബ്ലി ചർച്ചകളാണ്. ഭരണഘടനയില്ലെങ്കിൽ ഇന്ത്യയെന്ന രാജ്യംതന്നെ ഇല്ലെന്നതാണു വസ്തുത.
ഭരണഘടന ജനങ്ങളെ പഠിപ്പിക്കേണ്ടത് വളരെ പ്രധാനം: മുഖ്യമന്ത്രി
Pinarayi Vijayanfile

തിരുവനന്തപുരം: ഭരണഘടനയുടെ അന്തസത്ത മനസിലാക്കുകയെന്നതും ജനങ്ങൾക്കാകെ അതു മനസിലാക്കിക്കൊടുക്കുകയെന്നതും ഇന്നു വളരെ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലേക്കു രാജ്യത്തെ നയിക്കാൻ ഇതു ചെയ്തേ മതിയാകൂ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കു പൊതുവായും പൊതുരംഗത്തുള്ളവർക്കു സവിശേഷമായും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ മന്ത്രി പി. രാജീവ് രചിച്ച ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് - ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണഘടന വായിച്ചിരിക്കുകയെന്നതുപോലെ അതിലെ അടിസ്ഥാന സങ്കൽപ്പങ്ങൾ പരിചയപ്പെട്ടിരിക്കുകയെന്നതും ഓരോ പൗരനും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ അല്ല, പകരം ഭാരതം മാത്രമാണുള്ളതെന്നും യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നതിനു പകരം യൂണിയൻ ഓവർ സ്റ്റേറ്റ്സ് എന്നുമൊക്കെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടന രൂപപ്പെട്ടത് എങ്ങനെയെന്നും ഭരണഘടനാ രൂപീകരണ ചർച്ചകളിൽ എന്തൊക്കെ കാര്യങ്ങൾ ഉയർന്നുവന്നുവെന്നും സൂക്ഷ്മവും സമഗ്രവുമായി മനസിലാക്കുന്നതു പ്രധാനമാണ്.

നാം എന്തായിരുന്നുവെന്നും അതിലേക്കു തിരികെ പോകണമെന്നും വാദിക്കുന്നവരുണ്ട്. നമ്മുടെ രാജ്യത്ത് ഇന്ന് അത്തരം വാദഗതികൾ പ്രബലമാകുന്നുണ്ട്. അത്തരം വാദങ്ങൾക്കു മേൽക്കൈ ലഭിച്ച രാജ്യങ്ങൾ ഫാസിസ്റ്റ് ഭരണത്തിലേക്ക് അധഃപ്പതിച്ചതായി ചരിത്രം വ്യക്തമാക്കുന്നു. പിന്നോട്ടുപോകുകയെന്നതല്ല, പകരം നാം എന്തായി തീരണമെന്നു ചിന്തിച്ച് അതു യാഥാർഥ്യമാക്കുന്നതിനായി മുന്നോട്ടുള്ള പ്രയാണമാണു വേണ്ടത്. ഇതായിരുന്നു ഭരണഘടനാ അംസംബ്ലിയുടെ പൊതുവായ സമീപനം. ഇന്ത്യ എന്തായിത്തീരണമെന്നു വിഭാവനം ചെയ്തു നിർണയിച്ചത് ഭരണഘടനാ അസംബ്ലി ചർച്ചകളാണ്. ഭരണഘടനയില്ലെങ്കിൽ ഇന്ത്യയെന്ന രാജ്യംതന്നെ ഇല്ലെന്നതാണു വസ്തുത. എന്നാൽ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയും അവർ തങ്ങളുടെ സ്ഥാനങ്ങൾ വിസ്മരിച്ച് അത്തരം അട്ടിമറികൾക്ക് അന്യായമായി നിന്നുകൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണിന്ന്- മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യമന്ത്രിയിൽനിന്നു പുസ്തകം ഏറ്റുവാങ്ങി. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മറുപടി പ്രസംഗം നടത്തി.

Trending

No stories found.

Latest News

No stories found.