
പത്തനംതിട്ട : ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടന്‍ നടപ്പിലാക്കേണ്ടവ, ഹ്രസ്വകാലത്തില്‍ പൂര്‍ത്തിയാക്കേണ്ടവ, ദീര്‍ഘകാലത്തിനുള്ളില്‍ ഉറപ്പാക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഏറെ വേഗത്തില്‍ നടപ്പാക്കേണ്ട ഒന്നായിരുന്നു കൈവശാവകാശ രേഖകള്‍ ലഭ്യമാക്കല്‍. 2,553 കുടുംബങ്ങള്‍ക്ക് ഇതുവഴി റേഷന്‍ കാര്‍ഡും 3,125 പേര്‍ക്ക് ആധാര്‍ കാര്‍ഡും 3,174 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കി. അതിദരിദ്രരില്‍പ്പെട്ട 887 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു. 1,281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും 777 പേര്‍ക്ക് ബാങ്ക് അക്കൗണ്ടും 1,174 പേര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡും ലഭ്യമാക്കി.
മൂന്ന് പേര്‍ക്ക് ട്രാന്‍സ്ജന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. 198 പേര്‍ക്ക് പാചകവാതക കണക്ഷനും 118 പേര്‍ക്ക് വൈദ്യുതി കണക്ഷനും നല്‍കി. 45 പേര്‍ക്ക് പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റും നല്‍കി. 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. 391 പേരെ കുടുംബശ്രീയുടെ ഭാഗമാക്കി.
വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 11,340 അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് പുതുതായി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
2020 ലെ ലൈഫ് പട്ടികയില്‍ വീട് മാത്രം ആവശ്യമുള്ള 2,672 അതിദരിദ്രരും വസ്തുവും വീടും ആവശ്യമുള്ള 1,482 അതിദരിദ്രരും ഉള്‍പ്പെട്ടിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി ഒരു വെബ് പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിദരിദ്രരായ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയും. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ 60 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. ഇക്കാര്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തില്‍ ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. അതൊരു ചെറിയ സംഖ്യ ആയതുകൊണ്ട് നിര്‍മാര്‍ജനം അത്ര പ്രാധാന്യത്തോടെ കാണേണ്ടതല്ല എന്നതല്ല സര്‍ക്കാര്‍ നിലപാട്. മറിച്ച്, ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.
43 ലക്ഷം കുടുംബങ്ങള്‍ക്ക് ആണ് ഇപ്പോൾ കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,630 കോടി രൂപയാണ് കാരുണ്യ ഇന്‍ഷുറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്. ആറര ലക്ഷത്തോളമാളുകള്‍ക്ക് ഇതിലൂടെ ചികിത്സാ സഹായം ലഭ്യമാവുകയും ചെയ്തു., മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ള 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോ പ്ലാനുകളുടെ രൂപീകരണവും ഈ കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനായി ആവിഷ്‌ക്കരിച്ച അവകാശം അതിവേഗം പരിപാടിയും പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു.
തദ്ദേശ സ്വയം ഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്രര്‍ക്കുള്ള റേഷന്‍കാര്‍ഡ് വിതരണം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് അതിദരിദ്രര്‍ക്കുള്ള ആരോഗ്യഉപകരണ വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം നിര്‍വഹിച്ചു.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു, ജനീഷ്‌കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്,
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വിവിധ തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.