
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ ചാൻസിലർ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ അന്ന് സർവകലാശാലാ വിസിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വൈസ് ചാൻസലറായി ഡോ. ശശീന്ദ്രനെ നിയമിച്ചത്.
സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തിൽ കോളെജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലംഗ കമ്മീഷനെ ഡോ. ശശീന്ദ്രൻ നിയമിച്ചിരുന്നു. 3 മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് രാജി.