നിലയ്ക്കൽ - പമ്പ സൗജന്യ ബസ് സർവീസിന് അനുമതി തേടി വിഎച്ച്പി

സർക്കാരിനോട് വിശദീകരണം ചോദിച്ച് സുപ്രീം കോടതി
നിലയ്ക്കൽ
നിലയ്ക്കൽ

ന്യൂഡൽഹി∙ ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യമായി വാഹന സൗകര്യം ഒരുക്കാൻ അനുമതി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ തുടങ്ങിയവർ അടങ്ങിയ ബെഞ്ച‌ാണ് നോട്ടീസയച്ചത്.

പമ്പയിലേക്കും തിരിച്ചും ആവശ്യത്തിന് കെഎസ്ആർടിസി സർവീസുകളില്ല, ബസുകളെല്ലാം വൃത്തിഹീനം. അതിനാൽ 20 ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ തങ്ങളെ അനുവദിക്കണം എന്നാണു വിഎച്ച്പിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് കോടതിയെ അറിയിച്ചത്.

അങ്ങോട്ടുമിങ്ങോട്ടും നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നുമല്ലാതെ മറ്റിടങ്ങളിൽ നിന്നു തീർഥാടകരെ കയറ്റുകയോ ഇറക്കുകയോ ഇല്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ വിഎച്ച്പിക്ക് സുപ്രീം കോടതി നിർദേശം നൽകി.

കേരള സര്‍ക്കാര്‍ നല്‍കാത്ത സൗജന്യ യാത്ര ഒരുക്കാനാണ് വിഎച്ച്പി അനുമതി തേടുന്നതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിക്കു മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ലക്ഷക്കണക്കിന് തീര്‍ഥാടകരാണു വരുന്നത്. ഇവര്‍ 30 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുണ്ടായത്. കെഎസ്ആര്‍ടിസി ആവശ്യത്തിന് ബസ് ഓടിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, വിഎച്ച്പിയുടെ ഹര്‍ജിയില്‍ അനുകൂല നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ സര്‍വീസ് അനുവദിക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com