
തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ചടങ്ങിനിടെ മലയാളികളുടെ അധ്വാനശീലത്തെയും വിദ്യാഭ്യാസത്തെയും ഉപരാഷ്ട്രപതി പ്രശംസിച്ചു.
പ്രമുഖരായ പലരുടെയും പേരെടുത്ത് പറഞ്ഞാണ് ഉപരാഷ്ട്രപതി പ്രശംസിച്ചത്. മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപമാണ് നിയമസഭാമന്ദിരമെന്നും അദ്ദേഹം പറഞ്ഞു. കേരള ലെജിസ്‌ലേച്ചർ ഇന്‍റർനാഷനൽ ബുക്ക് ഫെസ്റ്റിവൽ 2023 ന്‍റെ സുവനീറും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ദേവസ്വം മന്ത്രി കെ. രാധകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരുൾപ്പടെ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, വേദിയിലിരിക്കെ ഗവർണർക്കെതിരെ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വിമർശനം ഉയർത്തിയത്. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കുന്നത് വിസ്മരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.