

വി.ഡി. സതീശൻ
file image
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സുരക്ഷാ- രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി. നേരത്തെ പൊലീസിലെയും ഇന്‍റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ വിവാരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വിജിലൻസിന്‍റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1, ടി2 എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് വിവരാവകാശ പരിധിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിജിലൻസിന്‍റെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗതഫയലുകൾ, അതീവ രഹസ്യസ്വഭാവമുള്ള ടോപ് സീക്രട്ട് രേഖകൾ എന്നിവയാണ് ടി1സെക്ഷനിലുള്ളത്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവയാണ് ടി2ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2005ലെ വിവരാവകാശ നിമപ്രകാരം വിജിലൻസിന്‍റ രഹസ്യവിഭാഗങ്ങളെ ഒഴിവാക്കിയിരുന്നതാണ്. പിന്നീട് 2022ൽ വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു. അതിനിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിനു പിന്നാലെയാണ് രഹസ്യവിഭാഗങ്ങളെ വീണ്ടും വിവരാവകാശ പരിധിയിക്ക് പുറത്താക്കിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് സ്വാഭാവിക ഭരണനടപടികളുടെ ഭാഗമാണ് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.