
കൈക്കൂലി കേസ്; കൊച്ചി കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന
കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി കോർപ്പറേഷന്‍ ഉദ‍്യോഗസ്ഥ സ്വപ്നയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊച്ചി കോർപ്പറേഷൻ ഓഫിസിൽ വിജിലൻസ് പരിശോധന നടത്തി. ഓഫിസിലുള്ള മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. സ്വപ്ന അനുവദിച്ച കെട്ടിട പെർമിറ്റ് മുഴുവൻ പരിശോധിക്കുമെന്നും ഉദ‍്യോഗസ്ഥർ.
ബുധനാഴ്ചയായിരുന്നു കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ‍്യോഗസ്ഥ സ്വപ്നയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില സ്വദേശിയോട് കെട്ടിട പെർമിറ്റ് നൽകുന്നതിനായി 15,000 രൂപയായിരുന്നു സ്വപ്ന ആവശ‍്യപ്പെട്ടത്.
കൊച്ചി കോർപ്പറേഷനിലെ വിവിധ സോണൽ ഓഫിസുകളിൽ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് ഇവർ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ജനുവരിയിലാണ് കെട്ടിട പെർമിറ്റിന് കൊച്ചി സ്വദേശി അപേക്ഷ നൽകിയത്. ഓരോ കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നൽകാതെ സ്വപ്ന വൈകിച്ചു. ഒടുവിൽ, പണം നൽകിയാൽ പെർമിറ്റ് നൽകാമെന്ന് സ്വപ്ന പറഞ്ഞതോടെ വൈറ്റില സ്വദേശി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
കുടുംബവുമായി തൃശൂരിലേക്ക് പോകുന്നതിനിടെയാണ് സ്വപ്ന പണം വാങ്ങിയത്. ഉടനെ വിജിലൻസ് സ്വപ്നയെ പിടികൂടി. അഴിമതി നിരോധന നിയമം ഉൾപ്പെടുത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.