

ജ്ഞാനേഷ് കുമാർ
File
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തെ ഭരണകക്ഷിയായ യുഡിഎഫ്, പ്രതിപക്ഷമായ എൽഡിഎഫ് എന്നിവർ സ്വാഗതം ചെയ്തു. 2006ൽ ജ്ഞാനേഷ് കുമാർ കേരളത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ക്രമക്കേടിലും മലേഷ്യൻ എൻജിനീയറുടെ മരണത്തിലുമാണ് വിജിലൻസ് അന്വേഷണം.
എൻജിനീയറുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് ജ്ഞാനേഷ് കുമാർ സെക്രട്ടറിയായിരിക്കേ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും അന്വേഷിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അന്വേഷണത്തെ സ്വാഗതം ചെയ്തു. കേരളത്തിൽ ജ്ഞാനേഷ് കുമാറിനെതിരെയുള്ള എല്ലാ കേസുകളും അന്വേഷിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാരിന് അനുകൂലമായ കാര്യങ്ങളാണ് ജ്ഞാനേഷ് കുമാർ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിന് കീഴിൽ എംസി റോഡ് നവീകരണവുമായി ബന്ധപ്പെട്ട പാറ്റി-ബെൽ കൺസോർഷ്യത്തിൽ പ്രവർത്തിച്ചിരുന്ന മലേഷ്യൻ സിവിൽ എൻജിനീയർ ലീ സീ ബീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ് കേസ്. ബീന്‍റെ ആത്മഹത്യാ കുറിപ്പിൽ ജ്ഞാനേഷ് കുമാറിന്‍റെ പേര് പരാമർശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ കേസിൽ ബാഹ്യ സമ്മർദം ചെലുത്തിയെന്നും, യഥാർഥ അന്വേഷണം വഴിതിരിച്ചുവിട്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്നാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.