

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്; വിജിലൻസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
13,679 പാക്കറ്റ് നെയ്യ് വിറ്റതിന്‍റെ പണം ദേവസ്വം അക്കൗണ്ടിലെത്തിയിട്ടില്ല. ഈ വകയിൽ 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത ഭക്തരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. വിൽപനയ്ക്കെത്തിച്ച നെയ്യുടെ കണക്കും തിരികെ അടച്ച പണത്തിലും വ്യത്യാസം കണ്ടെത്തിയതിനേതുടര്‍ന്നാണ് ക്രമക്കേട് ശ്രദ്ധയിൽപെട്ടത്.