
മണ്ണാർക്കാട്: കൈക്കൂലിക്കേസിൽ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പുഴുങ്ങിയ മുട്ട, പുളി, തേൻ, കുടമ്പുളി, ജാതിക്ക തുടങ്ങിയ എന്തും കൈക്കൂലിയായി വാങ്ങാൻ മടിയില്ലാത്ത ഉദ്യോഗസ്ഥനായിരുന്നു സുരേഷ് എന്നു നാട്ടുകാരുടെ വെളിപ്പെടുത്തൽ. കൈക്കൂലി കിട്ടുന്നതു വരെ സർട്ടിഫിക്കറ്റുകളും മറ്റും നടപടിയാക്കാതെ പിടിച്ചു വയ്‌ക്കുന്നത് പതിവായിരുന്നുവെന്നും, പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
മണ്ണാർക്കാട് റവന്യൂ അദാലത്ത് പരിസരത്ത് വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ബുധനാഴ്ചയാണ് സുരേഷ് വിജിലൻസിന്‍റെ പിടിയിലായത്. പിന്നീട് ഇയാൾ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത ഒരു കോടിയിലധികം രൂപയുടെ സ്വത്താണ് പിടിച്ചെടുത്തത്.
അടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ നിന്ന് നോട്ടെണ്ണുന്ന യന്ത്രം ഉപയോഗിച്ചാണ് വിജിലൻസ് പണമെണ്ണി തിട്ടപ്പെടുത്തിയത്. 17 കിലോ നാണയ ശേഖരവും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 20 വർഷമായി മണ്ണാർക്കാട് താലൂക്കില വിവിധ വില്ലേജുകളിലായാണ് സുരേഷ് ജോലി ചെയ്തിരുന്നത്.