
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനിൽകുമാറാണ് ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ രാത്രി11.30 ഓടെയായിരുന്നു സംഭവം.
വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ ഇയാൾ അസഭ്യവർഷം നടത്തി. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് നിയന്ത്രണത്തിലാക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ 2 തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇയാൾ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ അക്രമാസക്തനാവുകയും തല ഭിത്തിയിലിടിച്ച് പരിക്കുണ്ടാക്കുകയും ചെയ്ത്.
ചികിത്സക്കായി വീണ്ടും ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.