
നിതീഷ്, വിപഞ്ചിക
കൊല്ലം: ഷാർജയിൽ വച്ച് മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടനെ നാട്ടിലെത്തിച്ച ശേഷം മൊഴിയെടുത്തേക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ഫ്ലാറ്റിലെ ഹോം മെയ്ഡിന്‍റെ മൊഴിയും രേഖപ്പെടുത്തി.
വിപഞ്ചികയുടെ ലാപ്ടോപ് വീണ്ടെടുക്കുന്നതിനായുള്ള ശ്രമം നടക്കുന്നുണ്ട്. ഷാർജയിലെ കേസ് വിവരങ്ങൾ കൈമാറുന്നതിനായി കോൺസുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം വ‍്യക്തമാക്കി.
മരണത്തിനു മുൻപ് വിപഞ്ചിക സമൂഹമാധ‍്യമത്തിൽ ആത്മഹത‍്യാ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് അപ്രത‍്യക്ഷമാവുകയും ചെയ്തു. ഇക്കാര‍്യങ്ങളിലുൾപ്പടെ അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.
ജൂലൈ എട്ടിനായിരുന്നു ദുബായിയിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനെജരായിരുന്ന കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും കുടുംബത്തിനുമെതിരേ വിപഞ്ചിക ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളുമാക്കി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.