
വിപഞ്ചിക
കൊല്ലം: കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ റീ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിലാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്കാരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് കൂടാതെ മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം ഷാർജയിൽ നിന്നും നാട്ടിലെത്തിയിരുന്നു.
നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വരും ദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. ഭർത്താവ് നിതീഷിന്‍റെയും കുടുംബത്തിന്‍റെയും പീഡനം മൂലമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നീണ്ടുപോയത്.
അതേസമയം മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ തന്നെ സംസ്കരിച്ചിരുന്നു. ജൂലൈ ഒൻപതിനായിരുന്നു വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.