
വിപഞ്ചിക
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരി മകളുമായി ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചിക മണിയന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജന്മനാടായ കേരളപുരത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. ദുബായില്‍ നിന്ന് 22ന് രാത്രി 11. 55ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അവിടെനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. കേസ് അന്വേഷണത്തിന്‍റെ ചുമതലയുള്ള ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി. മുകേഷിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മെഡിക്കല്‍ കോളെജിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകുന്നേരം 3.30ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വൈകുന്നേരം 5.40 ഓടെ കേരളപുരത്തെ വീട്ടിലെത്തിച്ചു. കൊറ്റങ്കര കേരളപുരം പുട്ടാണിമുക്കിലുള്ള രജിത ഭവനില്‍ എത്തിച്ച മൃതദേഹം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിപേരാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
മകളുടെ മൃതദേഹത്തില്‍ തലോടാന്‍ കഴിയാതെ ഉള്ള മാതാവിന്‍റെ വിലാപം കണ്ടു നിന്നവര്‍ക്ക് നോവായി. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതക്ക് തീ കൊളുത്തി. കഴിഞ്ഞ എട്ടിനാണ് ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയതെന്നായിരുന്നു വൈഭവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കുണ്ടറ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്.
ശരീരത്തില്‍ പാടുകള്‍; ശ്വാസം മുട്ടി മരണമെന്ന് പ്രാഥമിക നിഗമനം
ശ്വാസംമുട്ടിയാണെന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റില്‍ മൃതദേഹത്തില്‍ ചില പാടുകളും അടയാളങ്ങളും കണ്ടിരുന്നു. ഇതു ക്ഷതമേറ്റതിന്‍റെ പാടുകളാണെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി. മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ പൂര്‍ണമായും മനസിലാകും. പ്രതിയെ നാട്ടിലെത്തിക്കുന്നതിനായി ലുക്ക്ഔട്ട് നോട്ടീസും റെഡ്‌കോര്‍ണറും പുറപ്പെടുവിക്കുമെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറന്‍സിക് ഡോക്റ്റര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം അറിയിച്ചു.