കാണാതായ വരൻ കോയമ്പത്തൂരിലെന്ന് സൂചന; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്
vishnujith in coimbatore investigation into financial transactions
വിഷ്ണുജിത്ത്file image
Updated on

പാലക്കാട്: മലപ്പുറത്തു നിന്നു കാണാനായ വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നു കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം കോയമ്പത്തൂരിലേക്ക് നീളുകയാണ്.

ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാൻ പാലക്കാട്ടേക്ക് പോവുകയാണെന്നാണ് ബന്ധുക്കളോട് വിഷ്ണുജിത്ത് പറഞ്ഞത്.

സെപ്റ്റംബർ നാലിനാണ് വിഷ്ണു ജിത്ത് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നും കിട്ടാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്.

ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നു പാലക്കാട് ടൗണിലേക്ക് പോയതായും വിഷ്ണുവിന്‍റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറഞ്ഞിരുന്നു. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

കാണാതാകുന്നതിന് മുമ്പ് വിഷ്ണുജിത്ത് സുഹൃത്തിനെ വിളിച്ച്, തനിക്ക് കുറച്ചാളുകള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ സീനാണ് എന്നും പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ, വിഷ്ണുജിത്തിന് എന്തെങ്കിലും അപായം പറ്റിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ടെന്നും യുവാവിന്‍റെ സഹോദരി പറയുന്നു.

Trending

No stories found.

Latest News

No stories found.