
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് വരുന്ന ഓണക്കാലത്ത് ആദ്യ കപ്പൽ എത്തിക്കുകയാണു ലക്ഷ്യമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി സർക്കാരും നാട്ടുകാരും കരാർ കമ്പനിയും കൈമെയ് മറന്നു പരിശ്രമിക്കുകയാണ്. വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുന്നതു രാജ്യത്തിന്‍റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ 400 മീറ്റർ ടെർമിനലുകൾ ഉടൻ നിർമാണം പൂർത്തിയാക്കും. പോർട്ടിന്‍റെ ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവശ്രദ്ധയാണു സർക്കാർ പുലർത്തുന്നത്. ഇതിന്‍റെ ഭാഗമായി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കക്കലും പുനരധിവാസവും പൂർത്തിയാക്കി. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് നൽകുന്നതിനും നടപടി സ്വീകരിച്ചു.
പുനരധിവാസത്തിനായി 20 കോടി രൂപയാണു കേന്ദ്ര സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ സംസ്ഥാനം 100 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. അർഹരായ ആരെങ്കിലും ഇതിൽനിന്നു വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ഇതിന്‍റെ പരിധിയിൽപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 33കെവി/11 കെവി സബ്സ്റ്റേഷന്‍റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.