വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്: കോവളം എംഎൽഎയെ പുതുപ്പള്ളിയിലെത്തിച്ച് കോൺഗ്രസിന്‍റെ രാഷ്ട്രീയ മറുപടി

വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലം: പുതുപ്പള്ളിയിലെത്തിയ കോവളം എംഎൽഎ എം. വിന്‍സെന്‍റ്
Kovalam MLA M Vincent at Oommen Chandy's Puthuppally constituency on Vizhinjam Port commissioning day

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് ദിവസം പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിക്കുന്ന കോവളം എംഎൽഎ എം. വിൻസെന്‍റ്. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎ‍യുമായ ചാണ്ടി ഉമ്മൻ സമീപം.

Updated on

ബിനീഷ് മള്ളൂശേരി

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യാനിരിക്കെ, തുറമുഖം സ്ഥിതിചെയ്യുന്ന കോവളം മണ്ഡലത്തിലെ എംഎൽഎയെ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ എത്തിച്ചുകൊണ്ട് സര്‍ക്കാരിനു കോൺഗ്രസിന്‍റെ രാഷ്ട്രീയ മറുപടി. പുലര്‍ച്ചെ സ്ഥലത്തെത്തിയ കോവളം എംഎൽഎ എം. വിന്‍സെന്‍റ്, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാര്‍ച്ചന നടത്തി. വിഴിഞ്ഞം തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് എം. വിന്‍സെന്‍റ് പറഞ്ഞു.

വിഴിഞ്ഞം കമ്മിഷനിങ് ചടങ്ങിലേക്ക് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിനെയടക്കം ക്ഷണിക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടിയെന്നതും, തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കുമിടയിലാണ് കമ്മീഷനിങ് ദിവസം തന്നെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാർഥിക്കാൻ വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന സ്ഥലമായ കോവളം എംഎൽഎയെ കോണ്‍ഗ്രസ് നേതൃത്വം പുതുപ്പള്ളിയിൽ എത്തിച്ചത്.

ഇപ്പോഴത്തെ പുതുപ്പള്ളി എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വിന്‍സെന്‍റിന് ഒപ്പമുണ്ടായിരുന്നു. പുലർച്ചെ 5.45ന് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ വിൻസെന്‍റ്, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ച ശേഷം മടങ്ങിപ്പോയി. വിഴിഞ്ഞത്തെ ചടങ്ങിൽ, സ്ഥലം എംഎൽഎ എന്ന നിലയിൽ വിൻസെന്‍റിന് സ്റ്റേജിൽ ഇരിപ്പിടമുണ്ട്. കോൺഗ്രസിൽ‌ നിന്ന് ശശി തരൂർ എംപിയ്ക്കും വേദിയിലേക്കു ക്ഷണമുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ പിതാവാണ് ഉമ്മന്‍ ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടത്. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. തുറമുഖവുമായി ബന്ധപ്പെട്ട് ഏത് അഴിമതി ആരോപണവും നേരിടാൻ താന്‍ തയാറാണെന്ന് പറഞ്ഞ് അന്ന് ഉമ്മന്‍ ചാണ്ടി ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് ഈ തുറമുഖം ഇന്ന് യാഥാര്‍ഥ്യമായതെന്നും എം. വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.

<div class="paragraphs"><p>ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്ന എം. വിൻസെന്‍റ് എംഎൽഎ</p></div>

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്ന എം. വിൻസെന്‍റ് എംഎൽഎ

തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പരസ്യങ്ങളിലൂടെ മത്സരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണിതെന്ന്. വിഴിഞ്ഞം തുറമുഖം നിര്‍മിക്കേണ്ട അദാനി അത് പൂര്‍ത്തീകരിച്ചു. എന്നാല്‍ പശ്ചാത്തല സൗകര്യം ഒരുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്തിട്ടില്ല. റോഡ്-റെയ്ൽ കണക്റ്റിവിറ്റിയില്ലാതെയാണ് ഇന്ന് തുറമുഖം കമ്മീഷനിങ് ചെയ്യുന്നത്. വികസനകാര്യത്തിൽ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ല. എം. വിന്‍സെന്‍റ് എംഎൽഎ പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം.വിൻസെന്‍റ് മുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങളല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചരണം പച്ചക്കള്ളമാണ്. ഇന്ന് ചരിത്ര ദിവസമാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും സിപിഎം ഭയപ്പെടുന്നു. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും പുതുപ്പള്ളിയിലെത്തിയ വിന്‍സെന്‍റിന് ഒപ്പമുണ്ടായിരുന്ന ചാണ്ടി ഉമ്മൻ എംഎൽഎ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com