

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്തു തുടക്കം. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ദ്വിദിന കോൺക്ലേവിൽ വിദേശങ്ങളിൽ നിന്നെത്തിയ വിദഗ്ദധരടക്കം പങ്കെടുക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഭാവിയും വളര്‍ച്ചയും തീരുമാനിക്കുന്നതില്‍ മാതൃവ്യവസായത്തിന് (മദര്‍ ഇന്‍ഡസ്ട്രി) വലിയ പങ്കുണ്ടെന്നും അത് ഉടനെതന്നെ കണ്ടെത്തണമെന്നും നയാരാ എനര്‍ജി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍ പറഞ്ഞു.
സിംഗപ്പുര്‍, റോട്ടര്‍ഡാം തുറമുഖ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനമായത് പെട്രൊകെമിക്കല്‍ വ്യവസായമാണ്. ഷാങ്ഹായ് തുറമുഖ നഗരത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് ഇലക്‌ട്രോണിക്‌സാണ്. ഈ മാതൃകയിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രധാന വ്യവസായം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. എണ്ണ ചരക്ക് നീക്കം അനുയോജ്യമല്ലാത്ത സാഹചര്യത്തില്‍ ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങി പുതിയ ഊര്‍ജ പദ്ധതികളുടെ സാധ്യത തേടണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കോണ്‍ക്ലേവില്‍ 'ഇന്‍ഡസ്ട്രിയല്‍ മാഗ്നറ്റിസം- എന്തുകൊണ്ട് വിഴിഞ്ഞം നിങ്ങളുടെ അടുത്ത വ്യവസായിക ലക്ഷ്യമാകുന്നു' എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ്, റെയില്‍, വ്യോമ ഗതാഗത കണക്ടിവിറ്റി, വ്യാവസായിക പ്രധാന്യം തുടങ്ങിയവ കണക്കിലെടുത്താല്‍ അന്താരാഷ്ട്ര സമുദ്ര ചരക്കു ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് വളരെയധികം പ്രാമുഖ്യമുണ്ട്. ഇതുപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. ദീര്‍ഘകാല പദ്ധതിയേക്കാള്‍ പ്രയോജനപ്പെടുക അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം എന്തായിരിക്കണമെന്ന് വിഭാവനം ചെയ്ത് നടപ്പാക്കുന്നതാണ്.
കൃത്യമായ സമയക്രമം അനുസരിച്ചുള്ള പദ്ധതിയൊരുക്കിയാൽ വിഴിഞ്ഞത്തിന് ലോകത്തോര നിലവാരത്തിലേക്ക് ഉയരാനാകുമെന്ന് എവിടി മക്കോര്‍മിക് എംഡി സുഷമ ശ്രീകണ്ഠത്ത് പറഞ്ഞു. ഉറവിടത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ഉത്പന്നങ്ങളെത്തിക്കാന്‍ കൃത്യമായ റോഡ്, റെയില്‍ സംവിധാനങ്ങളുണ്ടാകണം. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനായി കണ്ടെയ്‌നര്‍ റെയ്‌ല്‍ കണക്റ്റിവിറ്റി ആവശ്യമാണെന്നും 2029ല്‍ തുറമുഖ റെയ്‌ല്‍ ടണല്‍ യാഥാർഥ്യമാകുമെന്നും വിസില്‍ സിഇഒ ശ്രീകുമാര്‍ കെ. നായര്‍ പറഞ്ഞു. ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു അദ്ദേഹം. ആദിത്യ ബിര്‍ള ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ് ബി, സിന്തൈറ്റ് മാനെജിങ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.