''അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ ഏഴയലത്ത് വരില്ല എന്‍റെ വരികൾ, ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ ആയി തോന്നിയിട്ടില്ല''; ഹരിനാരായണന്‍

''ഈ വിവാദത്തില്‍ എന്‍റെ പേര് വലിച്ചിഴച്ചതില്‍ വലിയ വിഷമമുണ്ട്. അദ്ദേഹത്തിന് ഉണ്ടായ വിഷം ഞങ്ങള്‍ക്കൊകെ സങ്കടകരമാണ്''
VK Harinarayanan
VK Harinarayananfile

തിരുവനന്തപുരം: സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് യുവ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. അദ്ദേഹം നേരിട്ടിട്ടുള്ള മാനസിക വിഷമത്തില്‍ അദ്ദേഹത്തോട് ഒപ്പമെന്ന് ഹരിനാരായണന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താന്‍ എഴുതിയ ഏറ്റവും നല്ല വരി പോലും. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ലെന്നും ഹരിനാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരിനാരായണന്‍റെ വാക്കുകൾ...

ഏറെ ആദരണീയനായിട്ടുള്ള , ഞങ്ങള്‍ ഒക്കെ ഏറെ ബഹുമാനിക്കുന്ന കവി ശ്രീകുമാരന്‍ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തില്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുന്നു. അദ്ദേഹത്തിന് നേരിട്ട വിഷമം സംബന്ധിച്ച് ഞാന്‍ അറിയുന്നത് ഇന്നലെയാണ്. ഈ പാട്ടിലേക്ക് എത്തുന്നത് സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ വിളിച്ച് ഒരു പാട്ട് വേണം എന്ന് പറഞ്ഞപ്പോഴാണ്. പാട്ടില്‍ വരേണ്ട വിഷയങ്ങളും പറഞ്ഞു. എന്‍റെ തൊഴില്‍ പാട്ട് എഴുതി കൊടുക്കുന്നതാണ്. ചെയ്യാം എന്നും പറഞ്ഞു. അതില്‍ ഒരു ഉപാധിയും അദ്ദേഹം വച്ചു. മേല്‍ കമ്മിറ്റിയുടെ സ്‌ക്രീനിങ്ങിന് ശേഷം മാത്രമേ പാട്ടിന് അംഗീകാരം ലഭിക്കൂ എന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. ഒക്ടോബര്‍ 24,25 തീയതികളിലാണ് ഞാന്‍ പാട്ടെഴുതി കൊടുത്തത്.

എഴുതിയ പാട്ട് നോക്കിയ സച്ചിദാനന്ദന്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടു. അത് ഞാന്‍ ചെയ്ത് കൊടുത്തു. കുറെ ദിവസങ്ങള്‍ക്ക് ശേഷം മേല്‍ കമ്മിറ്റി കണ്ടു. അവരും ചില തിരുത്തലുകള്‍ നിര്‍ദേശിച്ചതായി സച്ചിദാനന്ദന്‍ പറഞ്ഞു. തിരുത്തലുകള്‍ വരുത്തി ഞാന്‍ പാട്ട് വീണ്ടും കൊടുക്കുകയും ചെയ്തു. വരികള്‍ ഓകെയാണെന്ന് പറഞ്ഞു. അതില്‍ ഇനി സംഗീതം വേണം. ഒരു പാട്ടാകുന്നതുമായി ബന്ധപ്പെട്ട് ഒരു അംഗീകാരം കൂടി വേണമെന്ന് ഞാന്‍ അറിഞ്ഞു. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണ് സച്ചിദാനന്ദനില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞത്.

എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിന്‍റെ ഏറ്റവും ഉന്നതമായ പാട്ടുകള്‍ സമ്മാനിച്ച വ്യക്തി ആണ് ശ്രീകുമാരന്‍ തമ്പി സാര്‍. വ്യക്തിപരമായും ഗാനരചയിതാവ് എന്ന നിലയിലും ഏറെ ബഹുമാനിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നത്, അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് ഞാന്‍ എഴുതിയ ഏറ്റവും നല്ല വരി പോലും. അത്രയ്ക്ക് മേലെയാണ് അദ്ദേഹത്തിന്റെ വരികള്‍. അദ്ദേഹത്തിന്റെ വരികളുടെ ഏഴയലത്ത് പോലും എത്താത്ത വരികളാണ് എന്‍റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ല. ഈ വിവാദത്തില്‍ എന്‍റെ പേര് വലിച്ചിഴച്ചതില്‍ വലിയ വിഷമമുണ്ട്. അദ്ദേഹത്തിന് ഉണ്ടായ വിഷം ഞങ്ങള്‍ക്കൊകെ സങ്കടകരമാണ്. പ്രത്യേകിച്ചും പാട്ട് എഴുത്തുകാരന്‍ എന്ന നിലയ്ക്ക്. അദ്ദേഹത്തോടൊപ്പം നില്‍ക്കും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com