ഒറ്റപ്പാലത്ത് വീട്ടിൽ കയറി ദമ്പതികളെ വെട്ടിക്കൊന്നു; വളർത്തുമകളുടെ ഭർത്താവ് പിടിയിൽ, നാലു വയസുകാരനായ മകനേയും വെട്ടി
ഒറ്റപ്പാലത്ത് വീട്ടിൽ കയറി ദമ്പതികളെ വെട്ടിക്കൊന്നു; വളർത്തുമകളുടെ ഭർത്താവ് പിടിയിൽ, നാലു വയസുകാരനായ മകനേയും വെട്ടി
പാലക്കാട്: ഒറ്റപ്പാലത്ത് ഭാര്യയുടെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്‍റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി പൊലീസ് പിടിയിലായി. സുൽഫിയത്തിന്‍റേയും റാഫിയുടേയും നാല് വയസുകാരനായ മകനും ഗുരുതരമായി പരിക്കേറ്റു.
രാത്രിയോടെ വീട്ടിലെത്തിയ റാഫി ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തി. ശബ്ദം കേട്ടെത്തി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് നസീറിനും ഭാര്യ സുഹ്റയ്ക്കും വെട്ടേറ്റത്. കുട്ടിയെയും എടുത്ത് ഭാര്യ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിയുന്നത്.
പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. മുഹമ്മദ് റാഫിയും സുൽഫിയത്തതും ഏറെനാളായി അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസും കോടതിയിലുണ്ട്.

