അബ്ടെക്ക് ഗവേഷണ കേന്ദ്രം: എം.ജി സർവകലാശാലയുടെ കാലോചിതമായ ചുവടുവയ്പ്; മന്ത്രി വി.എൻ. വാസവൻ

ഇതാദ്യമായാണ് ഒരു സ്വകാര്യ വ്യവസായ സ്ഥാപനത്തിലെ ഗവേഷണ കേന്ദ്രത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ അംഗീകൃത കേന്ദ്രമെന്ന അംഗീകാരം നൽകുന്നത്
Inauguration
Inauguration

കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ പുതിയ ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ടാണ് സ്വകാര്യ ബയോസയൻസ് കമ്പനിയായ അബ്ടെക്കിലെ ഗവേഷണ സ്ഥാപനത്തിന് മഹാത്മാ ഗാന്ധി സർവകലാശാല അംഗീകാരം നൽകിയതെന്ന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സർവകലാശാലയിൽ നടന്ന ചടങ്ങിൽ അംഗീകാരപത്രം അബ്ടെക്കിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം നൽകി തൊഴിലന്വേഷകരെ സൃഷ്ടിക്കുന്നതിനു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായങ്ങളും സർക്കാരും കൈകോർക്കുന്ന അന്തരീക്ഷം സാമ്പത്തിക, സാമൂഹ്യ വികസനത്തിലേക്ക് നയിക്കും. വിദ്യാർഥികളെ സംരംഭകരാക്കി വളർത്താനും വിപണിയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങളറിഞ്ഞുള്ള ഗവേഷണങ്ങൾ നടത്താനും ഉപകരിക്കുന്ന മാറ്റമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. സർവകലാശാലയിലെ ഗവേഷകർക്ക് പുതയ അവസരങ്ങൾ തുറക്കാൻ അബ്ടെക്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. ബി. കേരളവർമ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്‌ടെക് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ കെ.ജെ ജേക്കബ് മന്ത്രിയിൽനിന്ന് അഗീകാരപത്രം ഏറ്റുവാങ്ങി. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പ്രൊഫ. പി. ഹരികൃഷ്ണൻ, ഡോ. എ. ജോസ്, ഡോ. ആർ. അനിത, ഡോ.ബിജു പുഷ്പൻ, ഡോ. ബീന മാത്യു, ഡോ. ബിജു തോമസ്,

രജിസ്ട്രാർ ഡോ. ബി പ്രകാശ് കുമാർ, ബിസിനസ് ഇന്നവേഷൻ ആന്‍റ് ഇൻകുബേഷൻ സെന്റർ ഡയറക്റ്റർ ഡോ. ഇ.കെ രാധാകൃഷ്ണൻ, അബ്ടെക്ക് ജനറൽ മാനേജർ ബിബിൻ ജേക്കബ്, റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് വിഭാഗം മേധാവി പ്രൊഫ. പി. ശിവപ്രസാദ്, ജനറൽ മാനേജർ ഷിബു ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇതാദ്യമായാണ് ഒരു സ്വകാര്യ വ്യവസായ സ്ഥാപനത്തിലെ ഗവേഷണ കേന്ദ്രത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ അംഗീകൃത കേന്ദ്രമെന്ന അംഗീകാരം നൽകുന്നത്. സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർഥികൾക്ക് ഗവേഷണത്തിനും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പരിശീലനത്തിനും അബ്ടെക്കിലെ കേന്ദ്രത്തിൽ സൗകര്യമുണ്ടാകും. സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ ഗവേഷണ ഫലങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റുന്നതിനും അബ്‌ടെക്കിന്റെ പിന്തുണ ലഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com