കാപ്‌കോസ് റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായ സ്ഥാപനമായി മാറും; വി.എൻ. വാസവൻ

സഹകരണ കൺസോർഷ്യം, നബാർഡ്, കേരള ബാങ്ക് എന്നിവ വഴി ഇതിനാവശ്യമായ തുക കണ്ടെത്തും
വി.എൻ. വാസവൻ
വി.എൻ. വാസവൻ

കോട്ടയം: കാപ്‌കോസിന്‍റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായ സ്ഥാപനമായി മാറുമെന്ന് സഹകരണ- തുറമുഖ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖലയിൽ കേരള പാഡി പ്രൊക്യുർമെന്‍റ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) പത്തേക്കറിൽ ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിന്‍റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നെല്ലു സംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണ മേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. കാപ്‌കോസിന്‍റെ ആധുനിക റൈസ് മില്ലിന്‍റെ നിർമാണം ഈ സർക്കാരിന്‍റെ കാലത്ത് തന്നെ സമയബന്ധിതമായി പൂർത്തീകരിച്ച് അരി ജനങ്ങൾക്ക് എത്തിക്കും. കൃഷിക്കാർക്ക് എറെ സഹായകമാകും. നൂതനമായ ജർമൻ സാങ്കേതിക വിദ്യയാണ് മില്ലിനായി പ്രയോജനപ്പെടുത്തുന്നത്. 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സഹകരണ കൺസോർഷ്യം, നബാർഡ്, കേരള ബാങ്ക് എന്നിവ വഴി ഇതിനാവശ്യമായ തുക കണ്ടെത്തും. 50,000 മെട്രിക് ടൺ നെല്ല് സംസ്‌കരിക്കാൻ ശേഷിയുള്ളതാണ് മില്ല്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 412 ഇനം വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇവ കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി വാസവൻ പറഞ്ഞു.

കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി മുഖ്യാതിഥിയായി. സംസ്ഥാന സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മാളിയേക്കൽ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നബാർഡ് ചീഫ് ജനറൽ മാനെജർ ജി. ഗോപകുമാരൻ നായർ, ജോയിന്‍റ് രജിസ്ട്രാർ എൻ. വിജയകുമാർ, കാപ്കോസ് ഡയറക്റ്റർ കെ. ജയകൃഷ്ണൻ, സെക്രട്ടറി കെ.ജെ. അനിൽകുമാർ, കോട്ടയം ഡിസിഎച്ച് വൈസ് പ്രസിഡന്‍റ് കെ.എൻ. വേണുഗോപാൽ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജോൺസൺ പുളിക്കീൽ, സതീഷ് ചന്ദ്രൻ, ജയമ്മ പോൾ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com