

വി.എസ്. അച്യുതാനന്ദൻ
file image
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ലേഖനം ഉള്‍പ്പെട്ട ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടും വിതരണം ചെയ്യാതിരുന്നതിനെചൊല്ലി സിപിഎമ്മില്‍ വിവാദം. ഞായറാഴ്ചകളില്‍ പതിവായി പത്രത്തോടൊപ്പം ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇല്ലാതിരുന്നത് സിപിഎം അണികള്‍ക്കിടയിലും അമ്പരപ്പുണ്ടാക്കി.
വിഎസിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ.വി. സുധാകരന്‍ എഴുതിയ "വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്ന ഓര്‍മക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിലെ മുഖ്യ ഉള്ളടക്കം. എന്നാല്‍ വാരാന്തപ്പതിപ്പ് പൂര്‍ണമായി അച്ചടിച്ചശേഷം, വിതരണം വേണ്ടെന്ന് അവസാന നിമിഷം ദേശാഭിമാനി മാനെജ്‌മെന്‍റ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. വാരാന്തപ്പതിപ്പിന്റെ അവസാന പേജിലെ "കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടിലെ നാടക നിരൂപണമാണ് വിതരണം അവസാന നിമിഷം പിന്‍വലിക്കാന്‍ കാരണമായതെന്നാണ് വിവരം.
ഒന്നാം പേജിലെ വിഎസ് അനുസ്മരണവും അവസാന പേജിലെ "കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടും ചേര്‍ന്നുവരുന്നത് അനാവശ്യമായ വ്യാഖ്യാനങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വഴിവയ്ക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് സൂചന. വിവാദങ്ങള്‍ക്ക് പിന്നാലെ രംഗത്തെത്തിയ ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ എം. സ്വരാജ്, പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്നു പറഞ്ഞു. സ്വകാര്യ പ്രസിലുണ്ടായ യന്ത്രത്തകരാർ കാരണമാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാന്‍ കഴിയാതിരുന്നതെന്നും ഇന്ന് വിഎസിനെ അനുസ്മരിച്ചുള്ള പ്രത്യേക പേജ് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സ്വരാജിന്‍റെ വാദം പൂര്‍ണമായും തള്ളി നാടക പ്രവര്‍ത്തകന്‍ എസ്. വിജയകുമാര്‍ രംഗത്തെത്തി. ലേഖനത്തിനായി ദേശാഭിമാനിക്കാര്‍ വിളിച്ചിരുന്നു. ആവശ്യപ്പെട്ട പ്രകാരം ഫോട്ടോയും വിവരവും നല്‍കിയിരുന്നു. ഇന്നലെത്തെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധികരിക്കുമെന്നാണ് ദേശാഭിമാനിയിൽ നിന്ന് അറിയിച്ചത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിജയകുമാര്‍ പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖ വാര്‍ത്തയുടെ പേരില്‍ അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദേശാഭിമാനിക്കെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ ഇനിയും കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍റെ ചരമവാര്‍ഷികം പാര്‍ട്ടി തലത്തില്‍ വിപുലമായി ആചരിക്കണമെന്ന് സിപിഎം സംസ്ഥാന സമിതി നേരത്തേ നിര്‍ദേശിച്ച സാഹചര്യത്തിലാണ് വാരാന്തപ്പതിപ്പ് വിവാദം ചര്‍ച്ചയാകുന്നത്.