വിഎസിന് 101

മകൻ വി.എ. അരുൺകുമാറിന്‍റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിനടുത്തുള്ള വേലിക്കകത്തു വീട്ടിൽ ശയ്യാവലംബിയിലാണ് വിഎസ് ഇപ്പോൾ
V.S. Achuthanandan turns 101
വി.എസ്. അച്യുതാനന്ദൻ
Updated on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് മുൻ കൺവീനറുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ. ഐഎച്ച്ആർഡി ഡയറക്റ്ററുടെ ചുമതല വഹിക്കുന്ന മകൻ വി.എ. അരുൺകുമാറിന്‍റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിനടുത്തുള്ള വേലിക്കകത്തു വീട്ടിൽ ശയ്യാവലംബിയിലാണ് വിഎസ് ഇപ്പോൾ.

കുടുംബാംഗങ്ങൾ ഒത്തുകൂടി കേക്കു മുറിക്കുകയും പായസം വയ്ക്കുകയും ചെയ്യുന്നതിനപ്പുറം പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്ന് അരുൺകുമാർ അറിയിച്ചു. ആലപ്പുഴ പുന്നപ്രയിലെ വീടിനു മുന്നിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ കേക്ക് മുറിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വി.എസിന്‍റെ വസതിയായ പുന്നപ്ര വേലിക്കകത്ത് വീടിനു മുന്നിൽ ഇന്ന് രാവിലെ 11ന് 101 വയോജനങ്ങൾക്ക് വസ്ത്ര വിതരണം, ലഡു- പായസ വിതരണം എന്നിവ നടത്തും. 'ജനനായകൻ വിഎസ് നവമാധ്യമ കൂട്ടായ്മ' നടത്തുന്ന ചടങ്ങ് രാവിലെ 11ന് മുൻ മന്ത്രി ജി. സുധാകരൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും.

പാലക്കാട് മുണ്ടൂർ കൂട്ടുപാത കളേഴ്‌സ് കൂട്ടായ്മയും വിഎസ് ജന്മദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. കെ.സി. ബാലകൃഷ്ണൻ സാന്ത്വന പരിചരണ കേന്ദ്രത്തിൽ കിടപ്പുരോഗികൾക്ക് പ്രഭാത ഭക്ഷണം, വിദ്യാർഥികൾക്ക് ഫുട്ബോൾ മത്സരം, 101 വയോജനങ്ങൾക്ക് വസ്ത്രവിതരണം എന്നിവയാണ് പരിപാടികൾ.

4.30ന് മുണ്ടൂർ കൂട്ടുപാതയിൽ നടക്കുന്ന സായാഹ്ന കൂട്ടായ്മയും കേക്ക് മുറിക്കലും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 12 വർഷമായി വിവിധ സേവന പ്രവൃത്തികളുമായി കളേഴ്‌സ് കൂട്ടായ്മ വിഎസിന്‍റെ പിറന്നാൾ ആഘോഷിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com