
വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെയാണ് മരണം. ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടു കിടപ്പിലായിരുന്നു. വിഎസിന്‍റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു ആഴിക്കുട്ടി. ഓർമ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
വിഎസ് മരിച്ച വിവരം അറിയിച്ചെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഓണം ഉൾപ്പെടെയുളള ആഘോഷങ്ങൾക്ക് വിഎസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാറുണ്ടായിരുന്നു. 2019 ലാണ് അവസാനമായി വിഎസ് ആഴിക്കുട്ടിയെ കാണാനായി എത്തിയത്.
സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ്. ഗംഗാധരൻ, വി.എസ്. പുരുഷൻ.