സഹകരണസംഘം തട്ടിപ്പ്: വി.എസ്. ശിവകുമാറിനെ പ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടുവെന്ന് നിക്ഷേപകരുടെ പരാതി
VS Sivakumar
VS Sivakumar
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സഹകരണസംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെയും ബാങ്ക് ഭാരവാഹികളെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടുവെന്ന നിക്ഷേപകരുടെ പരാതിയിൽ ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കരമന പൊലീസാണ് നടപടിയെടുത്തിരിക്കുന്നത്.

വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടെത്തിയ നിക്ഷേപകർ ശിവകുമാറിന്‍റെ വീടിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതി പരിശോധിച്ച പൊലീസ് ശിവകുമാറിനെയും ബാങ്ക് ഭാരവാഹികളെയും പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കല്ലിയൂർ സ്വദേശി മധുസൂദനൻ നായർ 2014ൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ തിരികെ നൽകിയില്ല എന്നതാണ് കേസ്. സംഘത്തിന്‍റെ പ്രസിഡന്‍റ് രാജേന്ദ്രൻ തന്‍റെ അയൽവാസി ആയിരുന്നു. അവിടെ പതിവായി വരാറുണ്ടായിരുന്ന വി.എസ് ശിവകുമാർ പറഞ്ഞ പ്രകാരമാണ് മറ്റൊരു ബാങ്കിൽ ഇട്ടിരുന്ന പണം പിൻവലിച്ച് സംഘത്തിൽ നിക്ഷേപിച്ചത്. 2020 വരെ പലിശ കിട്ടി. പിന്നീട് പല തവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ കിട്ടിയില്ല. പല അവധികൾ പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും കരമന പൊലീസ് തയാറാക്കിയ എഫ്ഐആറിൽ പറയുന്നു.

ബാങ്ക് പ്രസിഡന്‍റായ രാജേന്ദ്രൻ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠൻ രണ്ടാം പ്രതിയും ബാങ്കിലെ എ ക്ലാസ് അംഗമായ വി.എസ് ശിവകുമാർ മൂന്നാം പ്രതിയുമാണ്. പണം കിട്ടാനുള്ളവർ അടുത്തയിടെ തിരുവനന്തപുരം ശാസ്തമംഗലത്തെ ശിവകുമാറിന്‍റെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ബാങ്കിന്‍റെ ഇടപാടുകളിൽ തനിക്കു യാതൊരു പങ്കുമില്ലെന്നാണ് ശിവകുമാർ പറഞ്ഞത്.

എന്നാൽ ബാങ്ക് പ്രസിഡന്‍റ് ശിവകുമാറിന്‍റെ ബിനാമിയാണെന്നും ഇടപാടുകൾ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു. മുന്നൂറോളം നിക്ഷേപകരിൽ നിന്നായി പതിമൂന്നു കോടി രൂപ സമാഹരിച്ചിരുന്നു. കിള്ളിപ്പാലം, ശാന്തിവിള, വലിയതുറ എന്നിവിടങ്ങളിലായി ബാങ്കിന് മൂന്ന് ശാഖകളാണ് ഉണ്ടായിരുന്നത്. കിള്ളിപ്പാലത്തെ പ്രധാനശാഖ വാടക നല്‍കാത്തതിനെ തുടർന്ന് അടച്ചുപൂട്ടി.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇഡിയും വിജിലൻസും ശിവകുമാറിന്‍റെ വീട്ടിലടക്കം പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്നും ശിവകുമാറിന്‍റെ സുഹൃത്ത് രാജേന്ദ്രനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com