സുരേഷ് ഗോപിക്കെതിരേ മൊഴി നൽകി: വി.എസ്. സുനിൽ കുമാർ

പൂരത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
VS Sunil Kumar gave statement against Suresh Gopi
വി.എസ്. സുനിൽ കുമാർ
Updated on

തൃശൂർ: പൂരം കലക്കൽ വിവാ​ദത്തിൽ സുരേഷ് ഗോപിക്കെതിരേ മൊഴി നൽകി വി.എസ്. സുനിൽകുമാർ. പൂരം നടത്തിപ്പ് സംബന്ധിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമായി നൽകിയ മൊഴിയിലാണ് സുരേഷ് ഗോപിക്കെതിരായ പരാമർശം. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുവെന്ന് വി.എസ്. സുനിൽ കുമാർ അറിയിച്ചു.

പൂരം ചടങ്ങുകൾ മാത്രമാക്കിയതും വെടിക്കെട്ട് നടത്തില്ലെന്ന് പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങളുടെ സാഹചര്യം താൻ വിശദീകരിച്ചുവെന്ന് വി.എസ്. സുനിൽ കുമാർ പറഞ്ഞു. പൂരം കലക്കലിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

ബിജെപി, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ളവരുടെ പങ്കും നേതാക്കളുടെ ഗൂഢാലോചനയും താൻ അവിടെ പറഞ്ഞിട്ടുണ്ട്. പൂരത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് താൻ വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷേ, അത് തരാൻ പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവസ്ഥലത്ത് ആരാണ് പ്രഖ്യാപനം നടത്തിയത്, ആരുടെയൊക്കെ സാന്നിധ്യം ഉണ്ടായിരുന്നു എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ചോദിച്ചതെന്ന് വി.എസ്. സുനിൽകുമാർ പറഞ്ഞു.

ശ്രീമൂല സ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ ആർഎസ്എസ് നേതാക്കൾ തള്ളിക്കയറാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറയുന്നു. ശ്രീമൂല സ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ പുലർച്ചെ തന്നെ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഓഫീസിലേക്ക് തീരുമാനം അറിയിക്കാൻ പോയതിനുശേഷം പിന്നീട് ആ തീരുമാനം എങ്ങനെ അട്ടിമറിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

ആളുകൾക്കും മറ്റു വാഹനങ്ങൾക്കും നിൽക്കാനുള്ള സ്ഥലത്ത് സുരേഷ് ഗോപിക്ക് യാത്ര ചെയ്യാൻ അനുമതി കൊടുത്തത് ആരാണെന്ന് വി.എസ്. സുനിൽ കുമാർ ചോദിച്ചു. സുരേഷ് ഗോപിയെ കടത്തിവിടാൻ ഏത് ഉദ്യോഗസ്ഥരാണ് അനുമതി കൊടുത്തത് എന്നത് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും ദേശത്തെ ജനങ്ങൾ പൂരം അലങ്കോലപ്പെട്ടതിൽ കുറ്റക്കാർ അല്ല. പൂരം അലങ്കോലപ്പെട്ടാൽ അതിൽ രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്ന് കരുതിയവർക്കൊപ്പം നിന്നവരെ കണ്ടെത്തണമെന്ന് വി.എസ്. സുനിൽ കുമാർ പറഞ്ഞു. മേളം നിർത്തിവെക്കാൻ ആരാണ് ഉത്തരവ് നൽകിയത്. ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞത് ആരാണ്. വെടിക്കെട്ട് നിർത്തിവെക്കണമെന്ന് ഉത്തരവ് നൽകിയത് ആരാണ് എന്നതാണ് കണ്ടെത്തേണ്ടതെന്ന് വി.എസ്. സുനിൽ കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com