
വാളയാർ കേസ്: പെൺകുട്ടികളുടെ മാതാപിതാക്കൾക്കുമേൽ കുരുക്കു മുറുകുന്നു
കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ കൂടുതൽ വകുപ്പുകളിൽ പ്രതിചേർക്കണമെന്ന് സിബിഐ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും ഇളയ കുട്ടിയുടെ അച്ഛനും മൂത്തകുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കൂടുതൽ വകുപ്പുകളിൽ പ്രതിചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരുന്നു. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ആകെ രജിസ്റ്റർ ചെയ്തിരിക്കുന്ന 9 കേസുകളിൽ 6 എണ്ണത്തിലാണ് അമ്മയേയും അച്ഛനേയും പ്രതി ചേർത്തിരിക്കുന്നത്. മറ്റ് മൂന്നു കേസുകളിൽ കൂടി പ്രതി ചേർക്കാനാനുള്ള നീക്കത്തിലാണ് സിബിഐ. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരേ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
13 ഉം 9 വയസുള്ള സഹോദരികളാണ് 2017 ജനുവരി 13 നും മാർച്ച് നാലിനുമായി 52 ദിവസത്തെ വ്യത്യാസത്തിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങി മരിച്ചത്. രണ്ടു പെൺകുഞ്ഞുങ്ങളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നെന്നു മാതാപിതാക്കൾക്ക് അറിയാമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കൾ പുലർത്തിയത്. കേസിൽ അന്വേഷണം നടക്കുമ്പോഴും ഒന്നാം പ്രതി മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങൾ മാതാപിതാക്കൾ പൊലീസിനോടു വെളിപ്പെടുത്തിയില്ല. പെൺകുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മൂത്തകുട്ടി മധുവിൽനിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസത്കാരം നടത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പരാമാർശമുണ്ട്.
ഒന്നാം പ്രതി 2016 ഏപ്രിലിൽ മൂത്തമകളെ അപമാനിക്കുന്നത് അമ്മയും രണ്ടാഴ്ച കഴിഞ്ഞ് പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിക്കുന്നത് പിതാവും കണ്ടിരുന്നെന്നും സിബിഐ പറയുന്നു. മൂത്ത മകളുടെ മരണശേഷവും അമ്മയും അച്ഛനും ഇളയ പെൺകുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ എല്ലാ പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതിനെത്തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 2021 ൽ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കേസിൽ ആറ് കുറ്റപത്രങ്ങളാണ് ഇതു വരെ സമർപ്പിച്ചിട്ടുളളത്.