

രാമനാരായൺ ഭയ്യർ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട കൊലപാതകത്തെത്തുടർന്ന് കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായാണന്‍റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പു നൽകിയിരിക്കുന്നത്.
ആവശ‍്യങ്ങൾ അംഗീകരിച്ചെന്ന് പാലക്കാട് ജില്ലാ ഭരണകൂടം വാർത്താക്കുറിപ്പ് പുറത്തിറക്കണമെന്ന ആവശ‍്യവും ജില്ലാ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ മോർച്ചറിയിലാണ് രാം നാരായണന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 17 ബുധനാഴ്ച മൂന്നുമണിക്കാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചായിരുന്നു ആൾക്കൂട്ട മർദനം. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു.